“പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് ബംഗാളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം”; ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് മമത ബാനർജി
കൊൽക്കത്ത: വോട്ടർ പട്ടിക പുതുക്കുന്ന എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, പശ്ചിമ ബംഗാളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. എസ്.ഐ.ആർ നടപടികൾക്ക് മുൻപുള്ള പഴയ വോട്ടർ പട്ടിക പ്രകാരം ബംഗാളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് മുൻ മുഖ്യമന്ത്രിയുടെ പ്രധാന ആവശ്യം. ബി.ജെ.പിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കൂട്ടുനിന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, ഇതിനായി രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെ മമത പ്രഖ്യാപിച്ചു.
കഴിഞ്ഞ പത്ത് മാസത്തിനിടെ എസ്.ഐ.ആർ അടക്കമുള്ള കമ്മീഷന്റെ തീരുമാനങ്ങളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും പതിനാല് തവണ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. തന്റെ ജീവിതത്തിൽ ഇത്രയും നാണംകെട്ട മറ്റൊരു സംഭവം കണ്ടിട്ടില്ലെന്ന് മമത തുറന്നടിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സംയുക്തമായി നടത്തിയ വോട്ട് കൊള്ളയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും അവർ ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് തുടരാൻ യാതൊരു ധാർമ്മിക അവകാശവുമില്ലാത്ത ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്നും നീക്കി ജയിലിലടക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾ ഈ വിഷയം ഇതിനകം ചർച്ച ചെയ്തിട്ടുണ്ടെന്നും വൈകാതെ തന്നെ സഖ്യത്തിന്റെ അടിയന്തര യോഗം ചേരുമെന്നും മമത ബാനർജി അറിയിച്ചു. അതേസമയം, ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ വലിയ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. എസ്.ഐ.ആർ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കമ്മീഷനിൽ ഭിന്നതകളില്ലെന്നും, മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരത്തോടെ തികച്ചും ഏകകണ്ഠമായാണ് തീരുമാനങ്ങൾ എടുത്തതെന്നും കമ്മീഷൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.