‘ഗ്യാനേഷ് കുമാർ വലിയ ക്രിമിനൽ; രാജി മാത്രം പോരാ, അറസ്റ്റ് ചെയ്യണമെന്ന് കെ.സി. വേണുഗോപാൽ
കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വലിയ ക്രിമിനലാണെന്നും അദ്ദേഹത്തിന്റെ രാജി മാത്രം പോരാ, അറസ്റ്റ് ചെയ്യണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ നടപ്പിലാക്കിയ എസ്.ഐ.ആർ ഉൾപ്പെടെയുള്ള വിവാദ പ്രവർത്തനങ്ങൾ അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും, ഇതിന്റെ ഭാഗമായി ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ഉൾപ്പെടെയുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നു. അതിന് കൂട്ടുനിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്. അതിലൂടെ വലിയ ക്രിമിനൽ കുറ്റമാണ് ഗ്യാനേഷ് കുമാർ നടത്തിയത്. മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നിയമം ചൂണ്ടിക്കാട്ടിയപ്പോൾ ഗ്യാനേഷ് കുമാർ അതൊന്നും വകവെച്ചില്ല. ശരിയായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ നടപടി സ്വീകരിക്കുകയാണ് ഇനി വേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.