28/09/2026
[fontresizer_tawhidurrahmandear_widget]

‘സർക്കാർ ഗോമാതാവിനെ സംരക്ഷിക്കും’; സന്യാസിമാരെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് സുവേന്ദു അധികാരി

 ‘സർക്കാർ ഗോമാതാവിനെ സംരക്ഷിക്കും’; സന്യാസിമാരെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് സുവേന്ദു അധികാരി

സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കാലാവസ്ഥ മാറിയെന്നും തങ്ങളുടെ സർക്കാർ ഗോമാതാവിനെ സംരക്ഷിക്കുമെന്നും സന്യാസിമാരെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ ബംഗൂർ ജാഗരൻ മഞ്ച് സംഘടിപ്പിച്ച ഭഗവദ്ഗീത പാരായണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസം പിന്തുടരുന്നതിലോ പ്രചരിപ്പിക്കുന്നതിലോ ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യാതൊരു മടിയും കൂടാതെ ഭഗവദ്ഗീതയും ഹനുമാൻ ചാലിസയും പാരായണം ചെയ്യുകയും വിതരണം ചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഹരേ കൃഷ്ണ മന്ത്രം ജപിക്കാനും ശംഖ് മുഴക്കാനും ആഹ്വാനം ചെയ്ത അദ്ദേഹം ഇനി പേടിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. ഇവിടെ കാലാവസ്ഥ മാറിയിരിക്കുകയാണെന്നും തൊപ്പി, കുടുമ, ധോത്തി, തുളസി എന്നിവയെ മാനിക്കുന്ന സർക്കാരാണ് ബംഗാളിൽ അധികാരത്തിലുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. സന്യാസിമാരെയും ഗുരുക്കന്മാരെയും അവഹേളിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അത്തരക്കാർ ജയിലിൽ പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടുത്തിടെ ബാഗേശ്വർ ബാബ എന്നറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ബംഗാൾ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങളും കോലങ്ങളും കത്തിച്ച സംഭവത്തിൽ സർക്കാർ ഇതിനകം നടപടിയെടുത്തിട്ടുണ്ടെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.

കശ്മീരിന് സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യം വിളിക്കുന്ന തുക്ഡേ തുക്ഡേ ഗ്യാങ്ങിനെതിരെ ജാഗ്രത പാലിക്കാനും ഒത്തൊരുമയോടെ ഇരിക്കാനും സുവേന്ദു അധികാരി ആഹ്വാനം ചെയ്തു. ആസാദി പരാമർശം നടത്തിയ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. ഇന്ത്യയ്ക്ക് 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതാണെന്നും ഇത്തരം പ്രസ്താവനകൾ നടത്തിയാൽ ദേശീയവാദികൾ മമതയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also read: