നിയമസഭ കയ്യാങ്കളിക്കേസ് വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും; വിചാരണ നടക്കുന്നത് 11 വർഷത്തിന് ശേഷം; എല്‍ഡിഎഫ് നേതാക്കള്‍ പ്രതികള്‍
തിരുവനന്തപുരം: കേരളത്തിന് നാണക്കേടായി മാറിയ നിയമസഭ കയ്യാങ്കളി കേസിന്റെ വിചാരണ 11 വർഷത്തിന് ശേഷം നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിക്കും. കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാർങ്ഗധരൻ, ദൃശ്യങ്ങൾ പകർത്തിയ വ്യക്തി, ഡി.വി.ആർ പകർത്തിയ എൻജിനീയർ എന്നിവരെയാണ് കോടതി ആദ്യം വിസ്തരിക്കുക.
കേസ് നടത്താനായി അഡ്വ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചിട്ടുണ്ട്. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2015 മാർച്ച് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാർ കോഴ ആരോപണം നേരിട്ടിരുന്ന അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ എൽഡിഎഫ് എം.എൽ.എമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും, സ്പീക്കറുടെ വേദിയിൽ അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്ത് 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ അന്ന് പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ മുൻമന്ത്രിമാരായ വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, സി.കെ സദാശിവൻ, കെ. കുഞ്ഞഹമ്മദ് മാസ്റ്റർ, നിലവിൽ ബി.ജെ.പിയിലുള്ള കെ. അജിത് എന്നിവരാണ് പ്രതികൾ. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും 2021 ജൂലൈയിൽ കോടതി ഈ ആവശ്യങ്ങൾ തള്ളുകയും പ്രതികളോട് വിചാരണ നേരിടാൻ ഉത്തരവിടുകയുമായിരുന്നു.