29/09/2026
[fontresizer_tawhidurrahmandear_widget]

`13 കോടി വോട്ടുകൾ നിയമവിരുദ്ധമായി വെട്ടിമാറ്റി, ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് എടുക്കണം’; മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ. സിങ്

 `13 കോടി വോട്ടുകൾ നിയമവിരുദ്ധമായി വെട്ടിമാറ്റി, ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് എടുക്കണം’; മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ. സിങ്

ആർ.കെ. സിങ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെയും നടപടികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ബി.ജെ.പി മുൻ നേതാവുമായ ആർ.കെ. സിങ്. രാജ്യവ്യാപകമായി എസ്‌.ഐ.ആർ നടപ്പാക്കിയത് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്നതിന് പകരം അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടതെന്നും സിങ് ആവശ്യപ്പെട്ടു. ‘ഇന്ത്യക്കാർക്കുള്ള തുറന്ന കത്ത്’ എന്ന തലക്കെട്ടിൽ എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് എസ്‌.ഐ.ആർ പ്രക്രിയയിലെയും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലെയും നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ആഞ്ഞടിച്ചത്.

ജനപ്രാതിനിധ്യ നിയമത്തിലെ (1950) സെക്ഷൻ 21 പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ വിരലിലെണ്ണാവുന്ന മണ്ഡലങ്ങളിൽ മാത്രമാണ് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് (SIR) വ്യവസ്ഥയുള്ളതെന്നും രാജ്യവ്യാപകമായി ഇത് നടപ്പാക്കിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. അപ്പീലുകൾ നിലനിൽക്കെ മുൻ വോട്ടർപട്ടികയ്ക്ക് പകരം വെട്ടിത്തിരുത്തിയ പുതിയ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയത് നിയമലംഘനമാണ്. സെക്ഷൻ 22 പ്രകാരം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് (ERO) മാത്രമേ വോട്ടർമാരുടെ പേര് വെട്ടാൻ അധികാരമുള്ളൂ എന്നിരിക്കെ, യാതൊരു അന്വേഷണമോ കാരണം കാണിക്കൽ നോട്ടീസോ നൽകാതെ 2003-ന് ശേഷം ചേർത്ത വോട്ടർമാരുടെ പേരുകൾ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഒഴിവാക്കിയതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരുടെ എതിർപ്പ് മറികടന്നാണ് ഗ്യാനേഷ് കുമാർ ഫോം 6-ൽ പുതിയ അനുബന്ധം കൂട്ടിച്ചേർത്തത്. ഇതിൽ 2003-ലെ വോട്ടർപട്ടികയിലെ മാതാപിതാക്കളുടെ ക്രമനമ്പർ ആവശ്യപ്പെടുന്നത് പുതിയ യുവാക്കൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് തടസ്സമാകുന്നു. മാതാപിതാക്കളും മക്കളും തമ്മിൽ 15 വയസ്സിൽ താഴെ വ്യത്യാസമുണ്ടെന്ന പേരിൽ ‘ലോജിക്കൽ ഡിസ്‌ക്രപൻസി’ ആരോപിച്ചു പാവപ്പെട്ടവരും രേഖകളില്ലാത്തവരുമായ ധാരാളം ആളുകളെ അന്വേഷണം കൂടാതെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്‌.ഐ.ആർ പ്രക്രിയയിലൂടെ ഇതുവരെ 13 കോടിയോളം (ആകെ വോട്ടർമാരുടെ 13%) ആളുകളുടെ പേരുകൾ ഒഴിവാക്കപ്പെട്ടുവെന്നും ഇത് തെരഞ്ഞെടുപ്പ് ഫലങ്ങളെ നേരിട്ട് സ്വാധീനിക്കുമെന്നും സിങ് ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട അദ്ദേഹം, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ജഡ്ജി എന്നിവരടങ്ങിയ നിഷ്പക്ഷ സമിതി മുഖേന കമ്മീഷണർമാരെ നിയമിക്കുന്ന പഴയ രീതി പുനഃസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പുകൾ ബഹിഷ്‌കരിക്കണമെന്നും ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും അഭ്യർത്ഥിച്ചു.

മുൻ ആഭ്യന്തര സെക്രട്ടറിയായിരുന്ന ആർ.കെ. സിങ് മുൻ മോദി സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 2013-ൽ ബി.ജെ.പിയിലെത്തിയ അദ്ദേഹം 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സുപൗൾ മണ്ഡലത്തിൽനിന്ന് എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2024-ലെ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ആര മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ബിഹാറിലെ പാർട്ടി നേതൃത്വത്തിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹത്തെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചു സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ അദ്ദേഹം ബി.ജെ.പി വിടുകയായിരുന്നു.

Also read: