29/09/2026
[fontresizer_tawhidurrahmandear_widget]

‘ഡൽഹിയിലെ തോൽവിക്ക് പിന്നാലെ എഎപിക്ക് സാമ്പത്തിക തിരിച്ചടി; സംഭാവനകളിൽ 68% ഇടിവ്, കിട്ടിയതിൽ 5 കോടിയും നൽകിയത് ബിജെപിയിൽ ചേർന്ന മുൻ എംപി

 ‘ഡൽഹിയിലെ തോൽവിക്ക് പിന്നാലെ എഎപിക്ക് സാമ്പത്തിക തിരിച്ചടി; സംഭാവനകളിൽ 68% ഇടിവ്, കിട്ടിയതിൽ 5 കോടിയും നൽകിയത് ബിജെപിയിൽ ചേർന്ന മുൻ എംപി

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് (എ.എ.പി) ലഭിക്കുന്ന സാമ്പത്തിക സംഭാവനകളിൽ വൻ ഇടിവ്. 2025-26 സാമ്പത്തിക വർഷത്തിൽ പാർട്ടിക്ക് ആകെ ലഭിച്ചത് 12.10 കോടി രൂപ മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് സംഭാവന തുകയിൽ 68 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പാർട്ടിക്ക് ലഭിച്ച ആകെ തുകയുടെ 83 ശതമാനവും പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ്, ട്രൈഡന്റ് ലിമിറ്റഡ് എന്നീ രണ്ട് ദാതാക്കളിൽ നിന്നാണ് ലഭിച്ചത്. ഇരുവരും അഞ്ച് കോടി രൂപ വീതം പാർട്ടിക്ക് സംഭാവന നൽകി. ഇതിൽ ട്രൈഡന്റ് ഗ്രൂപ്പ് മുൻ എ.എ.പി രാജ്യസഭാ എം.പി രജീന്ദർ ഗുപ്ത സ്ഥാപിച്ചതാണ്. ശേഷിക്കുന്ന തുകയായ 2.10 കോടി രൂപയാണ് മറ്റ് ഉറവിടങ്ങളിൽ നിന്ന് ലഭിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2025 ഒക്ടോബറിലാണ് എ.എ.പി ടിക്കറ്റിൽ രജീന്ദർ ഗുപ്ത രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഗുപ്ത എ.എ.പിയിൽ ഉണ്ടായിരുന്ന 2026 ജനുവരി 9-ലെ തീയതിയിലുള്ള 5 കോടി രൂപയുടെ ചെക്കാണ് ട്രൈഡന്റ് നൽകിയിരുന്നത്. എന്നാൽ ഈ വർഷം ഏപ്രിലിൽ രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിലൂടെ രാജ്യസഭാ എം.പിമാരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബി.ജെ.പിയിൽ ലയിപ്പിച്ചതോടെ ഗുപ്ത ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേരുകയായിരുന്നു.

2025 ഫെബ്രുവരിയിൽ ഡൽഹിയിൽ ഭരണം നഷ്ടപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ സമ്പൂർണ്ണ സാമ്പത്തിക വർഷത്തെ കണക്കുകളാണ് എ.എ.പി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ ട്രൈഡന്റിന്റെ ആസ്ഥാനമായ പഞ്ചാബിൽ മാത്രമാണ് പാർട്ടി ഭരണത്തിലുള്ളത്. 2024-25ൽ 38.10 കോടി രൂപയും 2023-24ൽ 11.06 കോടി രൂപയുമായിരുന്നു എ.എ.പിക്ക് ലഭിച്ച സംഭാവന. കഴിഞ്ഞ വർഷം 16.40 കോടി രൂപ നൽകിയ പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റായിരുന്നു ഏറ്റവും വലിയ ദാതാവ്. ആകെ 1,202 എൻട്രികളുള്ള റിപ്പോർട്ടിൽ പഞ്ചാബ് എ.എ.പി അധ്യക്ഷൻ അമൻ അറോറ 10,000 രൂപ വീതമുള്ള 12 തവണകളായി ആകെ 1.20 ലക്ഷം രൂപ നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റ് പ്രാദേശിക പാർട്ടികളുടെ വരുമാനത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ അധികാരത്തിലെത്തിയ തെലുഗു ദേശം പാർട്ടി (ടി.ഡി.പി) 58.25 കോടി രൂപ സംഭാവനയായി കണക്കിൽ കാണിച്ചു. കഴിഞ്ഞ വർഷമിത് 83.03 കോടി രൂപയായിരുന്നു. 45 കോടി രൂപ നൽകിയ പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റാണ് ടി.ഡി.പിയുടെയും വലിയ ദാതാവ്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിക്ക് (വൈ.എസ്.ആർ.സി.പി) 24.31 കോടി രൂപ മാത്രമാണ് ലഭിച്ചത്. മുൻവർഷമിത് 140.04 കോടി രൂപയായിരുന്നു. 10 കോടി രൂപ നൽകിയ ഗുഡ്‌വുഡ് സാൻക്ച്വറി പ്രൈവറ്റ് ലിമിറ്റഡാണ് ഇവരുടെ പ്രധാന ദാതാക്കൾ. 2024-ൽ ഒഡീഷയിൽ ഭരണം നഷ്ടപ്പെട്ട ബിജു ജനതാ ദൾ (ബി.ജെ.ഡി) 20,000 രൂപയ്ക്ക് മുകളിലുള്ള ഒരു സംഭാവനയും ലഭിച്ചതായി പുതിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. നിയമപ്രകാരം 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവന നൽകിയവരുടെ വിവരങ്ങൾ മാത്രമാണ് പാർട്ടികൾ പരസ്യപ്പെടുത്തേണ്ടത്.

Also read: