29/09/2026
[fontresizer_tawhidurrahmandear_widget]

‘കങ്കണ ഇപ്പോൾ വെറുമൊരു തമാശയായി മാറി; നടി എന്ന നിലയിൽ അവരെ മിസ്സ് ചെയ്യുന്നു’: രാജീവ് മസന്ദ്

 ‘കങ്കണ ഇപ്പോൾ വെറുമൊരു തമാശയായി മാറി; നടി എന്ന നിലയിൽ അവരെ മിസ്സ് ചെയ്യുന്നു’: രാജീവ് മസന്ദ്

മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെതിരെ വിമർശനവുമായി മുൻ ചലച്ചിത്ര നിരൂപകനും ധർമ കൊളാബ് ആർട്ടിസ്റ്റ് ഏജൻസി സിഒഒയുമായ രാജീവ് മസന്ദ്. കങ്കണയെ മികച്ചൊരു നടിയെന്ന നിലയിൽ ബഹുമാനിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പ്രവേശനത്തോടെ അവരുടെ ഉള്ളിലെ പ്രതിഭ മങ്ങിയെന്നും അവർ ഇപ്പോൾ വെറുമൊരു തമാശയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘സൈറസ് സേയ്‌സ്’ പോഡ്കാസ്റ്റിലായിരുന്നു മസന്ദിൻ്റെ പ്രതികരണം.

ബോളിവുഡിലെ വൻകിടക്കാർ തനിക്ക് അവസരങ്ങൾ നിഷേധിച്ചെന്ന കങ്കണയുടെ വാദങ്ങളെ മസന്ദ് തള്ളി. ബോളിവുഡ് വിജയത്തെ മാത്രമാണ് ബഹുമാനിക്കുന്നതെന്നും തുടക്കത്തിൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നാലും വിജയം നേടുന്നതോടെ കാര്യങ്ങൾ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ക്വീൻ’ സിനിമയിലെ കങ്കണയുടെ അഭിനയം അത്ഭുതകരമായിരുന്നു. അതിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. ഹിന്ദി സിനിമയിൽ ആലിയ ഭട്ടിനൊപ്പം നിൽക്കാൻ തക്ക പ്രതിഭയുള്ള അപൂർവം നടികളിലൊരാളാണ് കങ്കണ. രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചാൽ അവർക്ക് പഴയ പ്രതിഭയിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തുറന്നടിക്കുന്ന നിലപാടുകളിലൂടെ സിനിമ ലോകത്തെ ഗോസിപ്പ് കോളങ്ങളെ സജീവമായി നിലനിർത്തുന്നത് കങ്കണ, രാഖി സാവന്ത്, സുനിത അഹൂജ എന്നിവരാണെന്നും മസന്ദ് കൂട്ടിച്ചേർത്തു.

വർഷങ്ങളായി തുടരുന്നതാണ് രാജീവ് മസന്ദും കങ്കണയും തമ്മിലുള്ള അഭിപ്രായവ്യത്യാസം. ചലച്ചിത്ര നിരൂപകനായിരിക്കെ നടികളുടെ വട്ടമേശച്ചർച്ചയിൽ നിന്ന് തന്ന ഒഴിവാക്കിയെന്നും കരൺ ജോഹറുമായുള്ള അടുപ്പം കാരണം മസന്ദ് സ്വജനപക്ഷപാതം കാണിക്കുന്നുവെന്നും കങ്കണ ആരോപിച്ചിരുന്നു. പിന്നീട് കരൺ ജോഹറിൻ്റെ ടാലൻ്റ് മാനേജ്മെന്റ് വിഭാഗമായ ഡിസിഎഎയിൽ മസന്ദ് സിഒഒ ആയി ചുമതലയേറ്റതോടെ തൻ്റെ ആരോപണങ്ങൾ ശരിയാണെന്ന് കങ്കണ വാദിച്ചു. തനിക്കെതിരെയും അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്‌പുത്തിനെതിരെയും അപകീർത്തികരമായ വാർത്തകൾ എഴുതിയത് മസന്ദാണെന്നും കങ്കണ ആരോപിച്ചിരുന്നു.

Also read: