ഭാര്യ നൽകിയ കൊട്ടേഷൻ: തൃശ്ശൂരിലെ ലോഡ്ജിൽ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ പിടിയിൽ
തൃശൂർ: ഭർത്താവിനെയും കാമുകിയെയും ലോഡ്ജിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിക്കുകയും യുവതിയെ കാറിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ ഭാര്യ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശി ദേവി, സുഹൃത്ത് തോമസ്, കോയമ്പത്തൂർ സ്വദേശികളായ പൽരാജ്, ശങ്കർ, പളനി സ്വദേശി രഘുപതി എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്.
നിലമ്പൂർ സ്വദേശിനിയായ 38കാരി രണ്ടാഴ്ച മുമ്പ് നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതിയുടെ മൊഴിയിൽ വ്യക്തമായതോടെ, തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.
ഗുണശേഖരനും കാമുകിയും തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തപ്പോൾ പണം തികയാതെ വന്നതിനെ തുടർന്ന് സുഹൃത്ത് പൽരാജിന് ക്യുആർ കോഡ് അയച്ചുകൊടുത്തു. ഗുണശേഖരന്റെ സ്ത്രീബന്ധങ്ങളിൽ അസൂയയുണ്ടായിരുന്ന പൽരാജ് വിവരം ഭാര്യ ദേവിയെ അറിയിച്ചു. തുടർന്ന് ദേവിയും തമിഴ്നാട് പൊലീസ് പരിശീലനം ഉപേക്ഷിച്ച സുഹൃത്ത് തോമസും മറ്റ് സംഘാംഗങ്ങളും രണ്ട് കാറുകളിലായി തൃശൂരിലെത്തി.
തോമസ് പഴയ തിരിച്ചറിയൽ കാർഡ് കാണിച്ച് ലോഡ്ജ് ജീവനക്കാരെ വിശ്വസിപ്പിച്ച ശേഷം മുറിയിൽ കയറി ഇരുവരെയും ക്രൂരമായി മർദിക്കുകയും കെട്ടിയിട്ട് തമിഴ്നാട്ടിലേക്ക് കടത്തുകയുമായിരുന്നു. ഗുണശേഖരനെ ഭാര്യ ദേവിയുടെ നേതൃത്വത്തിലാണ് മർദിച്ചത്. കാമുകിയെ മറ്റൊരു കാറിൽ കയറ്റി തോമസും സംഘവും യാത്രാമധ്യേ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം വഴിയിൽ തള്ളുകയായിരുന്നു. അവശയായ യുവതി നിലവിൽ ചികിത്സയിലാണ്.
എസിപി ടി.ആർ രാജേഷ്, വെസ്റ്റ് എസ്ഐ ആദർശ്, മറ്റ് ഉദ്യോഗസ്ഥരായ ദുർഗാലക്ഷ്മി, ഷെല്ലർ, സമിത, ഷനോജ്, ഹരീഷ്, ദീപക്, മനീഷ്, അജീഷ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.