തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പാർട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെത്തുടർന്നാണ് നീക്കമെന്നാണ് വിവരം. ശ്രീലേഖയുടെ രാജി ബിജെപി ജില്ലാ നേതൃത്വത്തിനും തലസ്ഥാനത്തെ പാർട്ടി ക്യാമ്പുകൾക്കും വൻ തിരിച്ചടിയായിട്ടുണ്ട്.
നഗരസഭയിലെ മേയർ സ്ഥാനം പ്രതീക്ഷിച്ചിരുന്ന ശ്രീലേഖയ്ക്ക് അത് ലഭിക്കാത്തതിൽ ശക്തമായ അമർഷമുണ്ടായിരുന്നു. കൂടാതെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം പരിഗണിക്കാതിരുന്നതും ഭിന്നത രൂക്ഷമാക്കി.
പാർട്ടിയിലെ അവഗണനയിലും നേതൃത്വത്തിന്റെ തീരുമാനങ്ങളിലുമുള്ള അതൃപ്തിയിലുമാണ് കൗൺസിലർ സ്ഥാനം ഒഴിയാൻ അവർ തീരുമാനിച്ചതെന്നാണ് സൂചന. ആർ. ശ്രീലേഖയുടെ അപ്രതീക്ഷിത രാജിയോടെ തിരുവനന്തപുരം നഗരസഭാ ബിജെപി ഭരണസമിതിയിലും ജില്ലാ നേതൃത്വത്തിലും കനത്ത പൊട്ടിത്തെറിയും ഭരണപ്രതിസന്ധിയും ഉടലെടുത്തിട്ടുണ്ട്.