01/04/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യക്ക് 50% തീരുവ, പാകിസ്‌താന് 19% ട്രംപുമായുള്ള സൗഹൃദം ആഘോഷിക്കുന്ന മോദിയുടെ മുഖത്തേറ്റ അടിയാണിത്’ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ

 ‘ഇന്ത്യക്ക് 50% തീരുവ, പാകിസ്‌താന് 19% ട്രംപുമായുള്ള സൗഹൃദം ആഘോഷിക്കുന്ന മോദിയുടെ മുഖത്തേറ്റ അടിയാണിത്’ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ

ന്യൂഡൽഹി: യുഎസ് ഭരണകൂടം ഇന്ത്യക്ക് മേല്‍ ചുമത്തിയ ഉയര്‍ന്ന തീരുവയില്‍ വിമര്‍ശനവുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. പാകിസ്താന് 19 ശതമാനം മാത്രം തീരുവ ചുമത്തുമ്പോഴാണ് അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ചുമത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദത്തെ കുറിച്ച് വാഴ്ത്തിപ്പാടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടിയാണിതെന്നും രഘുറാം രാജന്‍ വിമര്‍ശിച്ചു.

ഷിക്കാഗോ കൗണ്‍സില്‍ ഓണ്‍ ഗ്ലോബല്‍ അഫയേഴ്സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”സൈനിക സൗഹൃദങ്ങളെക്കുറിച്ചും സൈനികാഭ്യാസങ്ങളെക്കുറിച്ചും സംസാരിക്കുന്ന ഒരു രാജ്യം, ചൈനയെക്കാള്‍ ഉയര്‍ന്ന തീരുവ ചുമത്തി ഇന്ത്യയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ തീരുവയുള്ള രാജ്യമാക്കുന്നത് അംഗീകരിക്കാനാവില്ല. ആഘോഷിക്കപ്പെടുന്ന മോദി-ട്രംപ് സൗഹൃദം എവിടെപ്പോയി. പ്രതിപക്ഷം പരിഹസിക്കുന്ന പോലെ മോദിയുടെ മുഖത്തേറ്റ അടിയാണിത്.”-അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരത്തിലുള്ള നടപടികള്‍ ജനങ്ങളുടെ മനസ്സില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും, അമേരിക്കയെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 1971-ലെ ഇന്‍ഡോ-പാക് യുദ്ധസമയത്ത് അമേരിക്ക പാകിസ്ഥാന്‍ പക്ഷം ചേര്‍ന്ന ചരിത്രപരമായ സന്ദര്‍ഭവും അദ്ദേഹം അനുസ്മരിച്ചു.

ഈ താരിഫ് വര്‍ദ്ധനവ് ചെറുകിട, ഇടത്തരം സംരംഭങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വന്‍കിട കമ്പനികള്‍ക്ക് ഇളവുകള്‍ നേടാന്‍ കഴിഞ്ഞേക്കും. എന്നാല്‍ 50 ശതമാനം തീരുവ കാരണം ചെറുകിട സംരംഭങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വില്‍ക്കുന്നത് സുസ്ഥിരമല്ല. ഈ വ്യാപാര ബന്ധങ്ങള്‍ തകരുമ്പോള്‍ ബംഗ്ലാദേശ്, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളിലെ കമ്പനികള്‍ ആ വിടവ് നികത്തും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളില്‍ സ്ഥിരമായ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും രാജന്‍ മുന്നറിയിപ്പ് നല്‍കി.

Also read: