‘ഞാൻ മോദി ഭക്ത, ബിജെപിയിൽനിന്ന് രാജിവയ്ക്കില്ല, മരിക്കുംവരെ പാർട്ടിയിൽ തുടരും’: ആർ. ശ്രീലേഖ
ആർ. ശ്രീലേഖ
തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും മരിക്കുംവരെ പാർട്ടിയിലെ അഭിമാനമുള്ള അംഗമായി തുടരുമെന്നും വ്യക്തമാക്കി മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. ചില കേന്ദ്രങ്ങൾ തങ്ങളെ മോശക്കാരിയാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ നൽകിയ വിശദീകരണത്തിൽ അവർ വ്യക്തമാക്കി.
തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് ആർ. ശ്രീലേഖ പറഞ്ഞത്:
“ബിജെപിയിൽ അംഗത്വം എടുത്തതുമുതൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുക്കുന്നു. തെറ്റാണെന്ന് പറഞ്ഞിട്ടും വീണ്ടും വാർത്ത കൊടുക്കുന്നു. ഞാൻ വിശ്വസിക്കുന്ന പാർട്ടിയാണ് ബിജെപി. ആദർശമുള്ള, രാഷ്ട്ര സേവനത്തിനായി പ്രവർത്തിക്കുന്ന വലിയ പാർട്ടി. അതിന്റെ അംഗമായിരിക്കുന്നത് അഭിമാനമുള്ള കാര്യമാണ്. രണ്ടു വർഷം മാത്രമേ ആയുള്ളു ബിജെപിയിൽ ചേർന്നിട്ട്. അതിനിടയിൽ ബിജെപി വൈസ് പ്രസിഡന്റായി. കോർപറേഷൻ കൗൺസിലറായി. പാർട്ടിക്ക് എന്നോട് സ്നേഹമുണ്ട്. പാർട്ടി നേതാക്കൾ ആശുപത്രിയിൽ വന്ന് കണ്ടു. എന്നെ ആശ്വസിപ്പിച്ചു. അതേ തുടർന്നാണ് രാജി പിൻവലിച്ചത്.
രാജിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ല. കൗൺസിലറെന്ന ജോലി പൂർണരീതിയിൽ ചെയ്യാൻ പല പ്രയാസങ്ങളുള്ളതിനാലാണ് രാജി വയ്ക്കാൻ തീരുമാനിച്ചത്. ദേശീയ വനിതാ കമ്മിഷൻ അംഗമാകാൻ ആഗ്രഹിച്ചിട്ടില്ല. ഡൽഹിയിൽ നിൽക്കാൻ ആഗ്രഹിക്കാതെ ജോലിയിൽനിന്ന് തിരിച്ചുവന്നയാളാണ്. കോൺഗ്രസുകാർ അവരുടെ പാർട്ടിയിലേക്ക് വിളിച്ചു എന്നത് അസംബന്ധമാണ്. ഒരു പാർട്ടിയിലും പോകാൻ താൽപര്യപ്പെടുന്നില്ല. ഞാൻ മോദി ഭക്തയാണ്. ഒരിക്കലും ബിജെപിയിൽ നിന്ന് രാജിവയ്ക്കില്ല”
സ്വന്തം ആരോഗ്യപ്രശ്നങ്ങളും കൗൺസിലർ ചുമതലകൾ നിർവ്വഹിക്കുന്നതിലെ സാങ്കേതിക പ്രയാസങ്ങളുമാണ് രാജിവെക്കാൻ പ്രേരിപ്പിച്ചതെന്നും, എന്നാൽ പാർട്ടി മുതിർന്ന നേതാക്കൾ നേരിട്ടെത്തി നൽകിയ ഉറപ്പുകളെ തുടർന്ന് ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും അവർ വിശദീകരിച്ചു.