‘രാഷ്ട്രപതിക്കോ ഗവർണർമാർക്കോ ഇല്ലാത്ത പരിരക്ഷ’: തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ഏത് ക്രിമിനൽ കുറ്റവും ചെയ്യാൻ മോദി സർക്കാർ അനുവാദം നൽകിയെന്ന് എം.എ ബേബി
ന്യൂഡൽഹി: 2023-ലെ പുതിയ നിയമനിർമാണത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ഏത് സിവിലും ക്രിമിനലുമായ കുറ്റവും ചെയ്യാനുള്ള പരിരക്ഷയാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി. ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച യുവാക്കൾക്കും പ്രതിപക്ഷ നേതാക്കൾക്കും നേരെ ഉണ്ടായ പോലീസ് അതിക്രമങ്ങളെയും അദ്ദേഹം ശക്തമായി അപലപിച്ചു.
ഇന്ത്യയുടെ രാഷ്ട്രപതിക്കോ സംസ്ഥാന ഗവർണർമാർക്കോ ലഭിക്കാത്ത തരത്തിലുള്ള നിയമ പരിരക്ഷയാണ് പുതിയ നിയമത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് മോദി സർക്കാർ അനുവദിച്ചിരിക്കുന്നത്. രാഷ്ട്രപതിക്കും ഗവർണർമാർക്കും ഔദ്യോഗിക പദവിയിലിരിക്കുമ്പോൾ മാത്രമാണ് പരിരക്ഷ ലഭിക്കുന്നത്. എന്നാൽ, നൂറിലധികം പാർലമെന്റ് അംഗങ്ങളെ സസ്പെൻഡ് ചെയ്തു കൊണ്ട് പാസാക്കിയ പുതിയ നിയമ ചട്ടക്കൂടിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ഏത് ക്രിമിനൽ കുറ്റവും ചെയ്യാം എന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ ശാരീരികമായി അടിച്ചമർത്താൻ പോലീസിന് കഴിയില്ലെന്ന് ബേബി പറഞ്ഞു. ബാരിക്കേഡുകൾ ഉയർത്തിയോ പെല്ലറ്റ് ഗണ്ണുകളും എകെ-47 തോക്കുകളും പോലുള്ള മാർഗങ്ങൾ ഉപയോഗിച്ചോ ജനങ്ങളുടെ ജനാധിപത്യപരമായ ആവശ്യങ്ങളെ ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാ ലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ബേബി പ്രഖ്യാപിച്ചു. ഡൽഹിയിൽ ട്രെയിനുകൾ റദ്ദാക്കിയും 57 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആദ്യ രാഷ്ട്രീയ പാർട്ടി സിപിഐഎം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി ചില നിർദേശങ്ങളും നിരീക്ഷണങ്ങളും നടത്തിയെങ്കിലും കൂടുതൽ വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിക്കണമായിരുന്നു എന്നാണ് പാർട്ടി കരുതുന്നത്. ‘ന്യായമായ നിയന്ത്രണങ്ങൾ’ എന്ന കോടതി പരാമർശത്തിന്റെ മറവിൽ മോദി-അമിത് ഷാ സർക്കാർ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.