‘എന്റെ മകള്‍ അവളെപ്പോലെയാവണം’; നേഹ ബോറയ്ക്കും ഡല്‍ഹി സമരത്തിനും പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് ചലച്ചിത്ര ലോകത്തുനിന്ന് വ്യാപക പിന്തുണ. പ്രക്ഷോഭ വേദിയില്‍ ഡല്‍ഹി പൊലീസിനെ നേരിടുന്ന നേഹ ബോറയുടെ ദൃശ്യങ്ങളും പോസ്റ്ററുകളും സിനിമാ താരങ്ങളായ വിനീത് ശ്രീനിവാസനും നസ്രീയ ഫഹദും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു.
‘അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരുവളായാണ് എനിക്കെന്റെ മകളെ വളര്‍ത്തേണ്ടത്. സ്വന്തം വിലയറിയുന്ന, ആരുടേയും സഹായം ആവശ്യമില്ലാത്ത ലോകം മുഴുവന്‍ എതിരായാലും തന്റെ നിലപാടില്‍ ഉറച്ച് നില്ക്കുന്ന ഒരു സ്ത്രീയായി അവള് വരണം. എന്റെ മകള്‍ ആരായി വളരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയാമോ, അവള്,’ എന്നാണ് നേഹ ബോറയുടെ റീല്‍ പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസന് കുറിച്ചത്. നേഹയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും അദ്ദേഹം ഇതില്‍ ടാഗ് ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ, നേഹയുടെ പോസ്റ്റര്‍ നസ്രീയ ഫഹദും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ‘ദസറയുടെ ആദ്യ ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് നസ്രീയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഡല്‍ഹി പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുക്കുന്ന നേഹ ബോറയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള താരങ്ങളുടെ ഈ പോസ്റ്റുകള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.