19/10/2026
[fontresizer_tawhidurrahmandear_widget]

‘ഒരേ ലക്ഷ്യം, ഒറ്റ സമരം’; സിജെപിയെ ഒപ്പം കൂട്ടാൻ രാഹുൽ ഗാന്ധി: ക്ഷണം പ്രശാന്ത് ഭൂഷൺ വഴി

 ‘ഒരേ ലക്ഷ്യം, ഒറ്റ സമരം’; സിജെപിയെ ഒപ്പം കൂട്ടാൻ രാഹുൽ ഗാന്ധി: ക്ഷണം പ്രശാന്ത് ഭൂഷൺ വഴി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധങ്ങളിൽ സിജെപിയെയും പങ്കാളികളാക്കാൻ രാഹുൽ ഗാന്ധിയുടെ നീക്കം. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വഴിയാണ് സിജെപി നേതാക്കളെ സമീപിക്കാൻ രാഹുൽ ശ്രമിച്ചത്. ഇന്ത്യാ സഖ്യ നേതാക്കൾക്കും വിദ്യാർത്ഥി പ്രതിനിധികൾക്കുമായി രാഹുൽ ഗാന്ധി സംഘടിപ്പിച്ച ചായസൽക്കാരത്തിലേക്ക് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ക്ഷണിച്ചിരുന്നെങ്കിലും മുംബൈയിലായിരുന്നതിനാൽ പങ്കെടുക്കാനായില്ല.

ഭരണഘടന സംരക്ഷിക്കാൻ ഒന്നിക്കുന്ന എല്ലാ ശക്തികളെയും ഒരുമിപ്പിക്കുക എന്ന ഇന്ത്യ മുന്നണിയുടെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. മുൻപ് സിജെപിയെ ആം ആദ്മി പാർട്ടിയുടെ പോഷക സംഘടനയായി കോൺഗ്രസിലെ ഒരു വിഭാഗം കണ്ടിരുന്നെങ്കിലും പുതിയ നീക്കം പാർട്ടി നിലപാടിലെ മാറ്റത്തെ സൂചിപ്പിക്കുന്നു.

ജന്തർമന്തറിലെ പ്രതിഷേധത്തിനിടെ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർക്ക് രാഹുൽ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാകയേന്തി സമരം ചെയ്യുന്നത് കുറ്റമല്ലെന്നും യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും രാഹുൽ എക്‌സിൽ കുറിച്ചു. ഇതിന് അഭിജീത് ദിപ്‌കെ നന്ദി അറിയിച്ചു.

രാജ്യത്തു നടക്കുന്ന എല്ലാ സമരങ്ങളും “ഒറ്റ പ്രതിഷേധമാണെന്ന്” പ്രഖ്യാപിച്ച രാഹുൽ, പ്രതിപക്ഷത്തിന്റെയും വിദ്യാർത്ഥികളുടെയും സി.ജെ.പിയുടെയും പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്.

Also read: