20/10/2026
[fontresizer_tawhidurrahmandear_widget]

അങ്കിത ഭണ്ഡാരി കൊലപാതകം: മുൻ ബിജെപി എംഎൽഎ സുരേഷ് റാത്തോറിനെ ചോദ്യം ചെയ്ത് സിബിഐ

 അങ്കിത ഭണ്ഡാരി കൊലപാതകം: മുൻ ബിജെപി എംഎൽഎ സുരേഷ് റാത്തോറിനെ ചോദ്യം ചെയ്ത് സിബിഐ

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിസോർട്ട് ജീവനക്കാരിയായ അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസിൽ മുൻ ബി.ജെ.പി എം.എൽ.എ സുരേഷ് റാത്തോറിനെ സി.ബി.ഐ ചോദ്യം ചെയ്തു. അങ്കിതയുടെ മാതാപിതാക്കൾ സി.ബി.ഐ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ നേരിൽ കണ്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. കേസിൽ ഉന്നയിക്കപ്പെടുന്ന ‘വി.ഐ.പി’ ബന്ധം പുറത്തുകൊണ്ടുവരണമെന്ന കുടുംബത്തിന്റെ ആവശ്യം ശക്തമായിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ ഈ പുതിയ നീക്കം.

2022 സെപ്റ്റംബറിലാണ് 19കാരിയായ അങ്കിത ഭണ്ഡാരിയെ ഉത്തരാഖണ്ഡിലെ പൗരി ഗഢ്‌വാളിലുള്ള വനാന്തര റിസോർട്ടിൽനിന്ന് കാണാതാകുന്നത്. ദിവസങ്ങൾക്ക് ശേഷം ഋഷികേശിന് സമീപമുള്ള കനാലിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ റിസോർട്ട് ഉടമ പുൽകിത് ആര്യ, ജീവനക്കാരായ സൗരഭ് ഭാസ്‌കർ, അങ്കിത് ഗുപ്ത എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ കൊലപാതകത്തിൽ വലിയ സ്വാധീനമുള്ള ഒരു വ്യക്തിക്ക് പങ്കുണ്ടെന്ന ആരോപണം കൃത്യമായി അന്വേഷിക്കണമെന്നാണ് അങ്കിതയുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ സുരേഷ് റാത്തോറിനും നടി ഉർമിള സനാവാറിനും നാർക്കോ പരിശോധന നടത്തണമെന്ന് മാതാപിതാക്കൾ സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരുമായി ബന്ധപ്പെട്ടതെന്ന് പറയപ്പെടുന്ന ഓഡിയോ റെക്കോർഡിങ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഈ ആവശ്യം ഉയർന്നത്. അതേസമയം, നിലവിൽ ആരോപണങ്ങൾ തെളിയുകയോ റാത്തോറിനെ കേസിൽ പ്രതിയായി ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്‌ച അങ്കിതയുടെ മാതാപിതാക്കൾ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തെത്തി മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേസിന്റെ ഇതുവരെയുള്ള വിവരങ്ങൾ കുടുംബത്തിന് കൈമാറിയതായി സി.ബി.ഐ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർണ്ണമായും നീതിപൂർവ്വവും നിഷ്പക്ഷവുമായി നടത്തുമെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ അങ്കിതയുടെ കുടുംബത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. കേസിലെ ആരോപണങ്ങളിൽ അന്തിമ നിഗമനത്തിലെത്താൻ അന്വേഷണം പൂർത്തിയാകേണ്ടതുണ്ട്.

Also read: