20/10/2026
[fontresizer_tawhidurrahmandear_widget]

‘സൗരവിനെയും അശുതോഷിനെയും മോചിപ്പിക്കണം’: അടിയന്തര വാദത്തിനായി ഹൈക്കോടതിയെ സമീപിച്ച് സിജെപി

 ‘സൗരവിനെയും അശുതോഷിനെയും മോചിപ്പിക്കണം’: അടിയന്തര വാദത്തിനായി ഹൈക്കോടതിയെ സമീപിച്ച് സിജെപി

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രവേശിച്ച് ദേശീയ പതാക ഉയർത്തി പ്രതിഷേധിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർക്ക് ജാമ്യം തേടി സംഘടന ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹരജിയിൽ അടിയന്തരമായി ഇന്ന് രാത്രി തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടതായി സിജെപി ലീഗൽ ഹെഡ് രത്ന സിങ് അറിയിച്ചു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഇവരുടെ സ്വാതന്ത്ര്യം ബലി കഴിക്കാനാവില്ലെന്നും നീതി വൈകുന്നത് നീതി നിഷേധമാണെന്നും രത്ന എക്സിൽ കുറിച്ചു. സൗരവും അശുതോഷും ഒരു നിമിഷം പോലും ജയിലിൽ കഴിയേണ്ടവരല്ലെന്ന് സിജെപി ഔദ്യോഗികമായി പ്രതികരിച്ചു.

നേരത്തെ, ഇരുവർക്കും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം നിഷേധിക്കുകയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്തിരുന്നു. അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് ഇന്നലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

കസ്റ്റഡി കാലാവധി നീട്ടിയ നടപടിയെ സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയും രത്ന സിങും ശക്തമായി അപലപിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ദേശീയ പതാക ഉയർത്തിയതിനാണ് യുവാക്കളെ ജയിലിലടച്ചതെന്നും അവർ ആരോപിച്ചു. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം തിഹാർ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ, രാജ്യത്ത് നിലനിൽക്കുന്നത് പൊലീസ് കോടതിയാണെന്നും നീതി ലഭിക്കുന്നില്ലെന്നും സൗരവ് ദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also read: