വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് തുണയായി എം.എ. യൂസഫലി; 10 ലക്ഷം രൂപയുടെ ചികിത്സാ സഹായം കൈമാറി
കൊല്ലം: അപ്രതീക്ഷിതമായ വാഹനാപകടം തകർത്തത് സാലിമിന്റെ ജീവിതത്തെയും ആ കുടുംബത്തിന്റെ പ്രതീക്ഷകളെയുമായിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 30 ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടിവന്ന സാലിമിന്റെ തുടർചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയാതെ കുടുംബം നെട്ടോട്ടമോടുമ്പോഴാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായമെത്തുന്നത്. സാലിമിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്തതിനു പിന്നാലെ പത്തുലക്ഷം രൂപയുടെ ചെക്കും ലുലു പ്രതിനിധികൾ കൈമാറി. പ്രതിസന്ധിയുടെ നടുവിൽ കഴിയുന്ന കുടുംബത്തിന് വലിയ ആശ്വാസമായി ഈ സഹായം.
കൊല്ലം നെടുമ്പന സ്വദേശിയായ സാലിമിന് ബന്ധുവിനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് കാറുമായി കൂട്ടിയിടിച്ചതോടെ പിന്നിലിരുന്ന സാലിം കാറിന്റെ ഡോറിൽ ഇടിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാലിമിന്റെ കാലിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തു. അപ്രതീക്ഷിതമായി സംഭവിച്ച അപകടം സാലിമിന്റെ ജീവിതം ഇരുട്ടിലാക്കി.
ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിനിടെ 30 ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടിവന്നു. തുടർന്ന് മേജർ ശസ്ത്രക്രിയയും ആവശ്യമായി. ചികിത്സ നീണ്ടതോടെ സാമ്പത്തിക പ്രതിസന്ധിയും കുടുംബത്തെ അലട്ടി. മകന്റെ ജീവൻ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു മാതാപിതാക്കൾ.
ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താൻ കുടുംബം പലരോടും സഹായമഭ്യർഥിച്ചു. ഇതിനിടെയാണ് സാലിമിന്റെ ദുരവസ്ഥയും ചികിത്സാ സഹായത്തിനായുള്ള കുടുംബത്തിന്റെ അഭ്യർഥനയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്. ചികിത്സയ്ക്കാവശ്യമായ സഹായം ഉടൻ ലഭ്യമാക്കാൻ അദ്ദേഹം നിർദേശം നൽകി.
സാലിം ചികിത്സയിൽ കഴിയുന്ന തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിയാണ് ലുലു ഗ്രൂപ്പ് പ്രതിനിധികൾ പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ഡയറക്ടർ വി. പീതാംബരൻ, കോട്ടയം ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ നിഖിൻ ജോസഫ് എന്നിവർ ചേർന്നാണ് ചികിത്സാ സഹായം കൈമാറിയത്. മകന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത എം.എ. യൂസഫലിയോട് എന്നും കടപ്പെട്ടിരിക്കുമെന്ന് നിറഞ്ഞ മനസ്സോടെ സാലിമിന്റെ മാതാപിതാക്കൾ പറയുന്നു.