22/10/2026
[fontresizer_tawhidurrahmandear_widget]

‘ചോദ്യം ചോദിക്കുന്നവരെ വിദേശ ഏജൻ്റായി മുദ്രകുത്തുന്നു’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അണ്ണാമലൈ

 ‘ചോദ്യം ചോദിക്കുന്നവരെ വിദേശ ഏജൻ്റായി മുദ്രകുത്തുന്നു’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അണ്ണാമലൈ

അണ്ണാമലൈ

ചെന്നൈ: കോക്ക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾക്കെതിരെയുള്ള ഡൽഹി പോലീസിന്റെ നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുൻ ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. കരുതൽ തടങ്കൽ നടപടികളുടെ നിയമസാധുത ചോദ്യം ചെയ്ത അദ്ദേഹം, സർക്കാരിന്റെ ചോദ്യങ്ങളെ എതിർക്കുന്നവരെ ‘വിദേശ ഏജന്റുമാരായി’ മുദ്രകുത്തുകയാണെന്ന് ആരോപിച്ചു.

സി.ജെ.പി പ്രതിഷേധ രീതികളോട് യോജിക്കുന്നില്ലെങ്കിലും, ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് അണ്ണാമലൈ വ്യക്തമാക്കി. പ്രതിഷേധങ്ങളെ ദേശവിരുദ്ധമെന്ന് മുദ്രകുത്താതെ, സി.ജെ.പി ഉയർത്തുന്ന ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ കൃത്യമായ മറുപടി നൽകണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

താൻ കഴിഞ്ഞ ജൂൺ 5-ന് തന്നെ ബി.ജെ.പി വിട്ടതാണെന്ന് അണ്ണാമലൈ ഓർമ്മിപ്പിച്ചു. സ്വന്തം സൗകര്യത്തിനനുസരിച്ച് കാര്യങ്ങൾ മറക്കുന്നവരോട് ഇത് വീണ്ടും വ്യക്തമാക്കുകയാണെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.

“ജനാധിപത്യത്തിൽ നിയമവ്യവസ്ഥയുടെ ലംഘനം ചോദ്യം ചെയ്താൽ പല പേരുകളിലായി നമ്മളെ മുദ്രകുത്തും. സി.ജെ.പി നേതാക്കളെ ഇങ്ങനെ തടവിലാക്കുന്നതിലൂടെ അവരുടെ ജനപ്രീതി വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,” അണ്ണാമലൈ പറഞ്ഞു.

എന്നാൽ അണ്ണാമലൈയുടെ വിമർശനത്തിന് മറുപടിയുമായി ബി.ജെ.പി നേതാക്കളും രംഗത്ത് വന്നു. പാർട്ടി വിട്ടശേഷം മുൻനിലപാടുകളിൽ നിന്ന് മലക്കംമറിയുകയാണ് അണ്ണാമലൈയെന്ന് ബി.ജെ.പിയുടെ സംസ്ഥാന വക്താവ് നാരായൺ തിരുപ്പതി കുറ്റപ്പെടുത്തി. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈക്ക് ക്രമസമാധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത നന്നായി അറിയാമെന്ന് പറഞ്ഞ അദ്ദേഹം പോലീസ് നടപടിയെ ചോദ്യം ചെയ്യുന്നത് മുൻ നിലപാടുകൾക്ക് യോജിച്ചതല്ലെന്നും വിമർശിച്ചു.

Also read: