അതിവേഗത്തിൽ കാറും ബൈക്കും ഓടിച്ച് റീൽസ് ചിത്രീകരണം; 16കാരനും സുഹൃത്തുക്കളും പിടിയിൽ, അമ്മയ്ക്കെതിരെ കേസ്
പത്തനംതിട്ട: അമിതവേഗത്തിൽ കാറോടിച്ച് റീൽസെടുത്ത സംഭവത്തിൽ 16കാരനും സുഹൃത്തും പിടിയിലായി. പത്തനംതിട്ട അടൂരിലാണ് വിദ്യാർഥികൾക്കിടയിലൂടെ സംഘത്തിന്റെ അഭ്യാസപ്രകടനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കാറും ബൈക്കും പോലീസ് പിടിച്ചെടുത്തു. സ്കൂട്ടറിൽ നാലുപേരടക്കം സഞ്ചരിക്കുന്ന വീഡിയോയും കുട്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അടൂരിന്റെ പലഭാഗത്തും അമിത വേഗത്തിൽ 16കാരനും സംഘവും കാറുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ഇതോടെ സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു. അമിതവേഗതയിൽ കാറിലും ബൈക്കിലുമായി സഞ്ചരിച്ച് റീലെടുത്തും വിദ്യാർഥികൾക്കിടയിൽ കാർ ഡ്രിഫ്റ്റ് ചെയ്തുമായിരുന്നു ഇവരുടെ അഭ്യാസം. കൃത്യമായി സ്കൂളിൽ പോകാതെയായിരുന്നു കുട്ടികൾ വാഹനമെടുത്ത് കറങ്ങിയിരുന്നത്.
സംഭവത്തിൽ 16കാരന്റെ അമ്മയ്ക്കെതിരെയും കൊല്ലം സ്വദേശി രവീന്ദ്രൻ എന്നയാൾക്കെതിരെയും പോലീസ് കേസെടുത്തു. സംഘം സഞ്ചരിച്ച ബൈക്ക് ഇയാളുടെ പേരിലുള്ളതാണ്. എന്നാൽ ബൈക്ക് നേരത്തെ വിറ്റതാണെന്നും ഉടമസ്ഥത മാറ്റാതെ ഉപയോഗിക്കുകയായിരുന്നുവെന്നും രവീന്ദ്രൻ പറഞ്ഞു.