30/03/2026
[fontresizer_tawhidurrahmandear_widget]

അസമിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം: കോൺഗ്രസ് നേതൃത്വത്തിൽ 8 പാർട്ടി മുന്നണി

 അസമിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം: കോൺഗ്രസ് നേതൃത്വത്തിൽ  8 പാർട്ടി മുന്നണി

ഗുവാഹത്തി: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുന്നതിനായി അസമിലെ പ്രതിപക്ഷ കക്ഷികൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാല സഖ്യം രൂപീകരിച്ചു. ‘അസം സോണ്മിലിതോ മോർച്ച’ (അസം ഐക്യ മുന്നണി) എന്ന് പേരിട്ട ഈ സഖ്യത്തിൽ കോൺഗ്രസിനൊപ്പം ഏഴ് പ്രധാന പ്രതിപക്ഷ കക്ഷികളാണ് അണിനിരന്നിരിക്കുന്നത്.

നവംബർ 12-ന് ഗുവഹാട്ടിയിൽ വെച്ച് നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് മുന്നണിക്ക് രൂപമായത്. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി), റൈജോർ ദൽ, അസം ജാതീയ പരിഷത്ത് (എജെപി), അഞ്ചലിക് ഗണ മോർച്ച (എജിഎം), കമ്മ്യൂണിസ്റ്റ് പാർട്ടികളായ സിപിഐ, സിപിഐ(എം), സിപിഐ(എം-എൽ), ഓൾ പാർട്ടി ഹിൽ ലീഡേഴ്സ് കോൺഫറൻസ് (എപിഎച്ച്എൽസി) എന്നിവരാണ് സഖ്യത്തിലുള്ളത്. ബദ്റുദ്ദീൻ അജ്മലിൻ്റെ

എഐയുഡിഎഫിനെ സഖ്യത്തിൽ എടുത്തില്ല. അജ്മലിൻ്റെ പാർട്ടി ബിജെപിക്ക് സമാനമായ സാമുദായിക പാർട്ടിയാണെന്നും ഈ ഐക്യം എല്ലാ സാമുദായികതയ്ക്കും എതിരാണെന്നും’

കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ബിജെപിയുടെ ‘ഭരണത്തിന്റെ ദുരാചാരം, അഴിമതി, അടിച്ചമർത്തലുകൾ’ എന്നിവയിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകി ഒരു ശക്തമായ ബദൽ മുന്നോട്ടുവെക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്ന് എപിസിസി അധ്യക്ഷൻ ഗൗരവ് ഗോഗോയി പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയെ അധികാരത്തിൽ നിന്ന് പുറത്താക്കി ജനങ്ങളുടെ ഭരണം സ്ഥാപിക്കാനാണ് ഈ ഐക്യത്തിലൂടെ ശ്രമിക്കുന്നതെന്ന് എഐസിസി അസം ചുമതല വഹിക്കുന്ന ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.

126 മണ്ഡലങ്ങളുള്ള അസമിൽ 2016 മുതൽ അധികാരത്തിലിരിക്കുന്ന എൻഡിഎക്ക് നിലവിൽ 83 സീറ്റുകളുണ്ട്. ബിജെപിക്ക് 64 സീറ്റുകളും സഖ്യകക്ഷികളായ എജിപിക്ക് 9-ഉം യുപിപിഎൽന് 7-ഉം ബിപിഎഫിന് 3-ഉം സീറ്റുകളാണുള്ളത്.

കർഷക പ്രക്ഷോഭങ്ങൾ, തൊഴിലില്ലായ്മ, വികസന മുരടിപ്പ്, വിഭജന രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളുടെ അതൃപ്തി മുതലെടുക്കാനാണ് പ്രതിപക്ഷ നീക്കം. നിലവിൽ 15 എംഎൽഎമാരുള്ള എഐയുഡിഎഫിനെ മുന്നണിയിൽ ഉൾപ്പെടുത്തിയില്ല.

2026 മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തിൽ ആയിരിക്കും അസമിൽ തെരഞ്ഞെടുപ്പ് എന്നാണ് സൂചന. തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സീറ്റ് വിഭജനത്തെക്കുറിച്ചും പ്രചാരണത്തെക്കുറിച്ചുമുള്ള കൂടുതൽ ചർച്ചകൾ മുന്നണി ഉടൻ നടത്തും.

Also read: