രാത്രി ചായ കുടിക്കാൻ 40 കി.മീ യാത്ര; വണ്ടിക്ക് കണ്ണാടിയില്ല, ആധാർ നോക്കിയപ്പോൾ പ്രായം 17; വീട്ടിൽ വിളിച്ചപ്പോൾ മക്കൾ ഉറങ്ങുകയാണെന്ന് രക്ഷിതാക്കളുടെ മറുപടി
കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ചായക്കടകൾക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാവാതെ വാഹനം ഓടിച്ച വിദ്യാർഥികൾ പിടിയിലായി. രാത്രി 8.30 തോടെ റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം കണ്ട് പൊലീസ് പരിശോധന നടത്തുകയും വിദ്യാർഥികളെ ചോദ്യം ചെയ്യുകയുമായിരുന്നു.
വാഹനത്തിന് കണ്ണാടികൾ രണ്ടും ഉണ്ടായിരുന്നില്ല. ‘കണ്ണാടി എവിടെ’ എന്ന ചോദ്യത്തിന് ‘പൊട്ടിപ്പോയി’ എന്നായിരുന്നു പ്രതികരണം. ലൈസൻസ് ചോദിച്ചപ്പോൾ ‘എടുത്തിട്ടില്ലെന്നും വീട്ടിലാണെന്നും’ മറുപടി നൽകി. ഇതോടെ പൊലീസ് വിദ്യാർഥികളുടെ ആധാർ പരിശോധിച്ചപ്പോഴാണ് ഇരുവർക്കും 17 വയസ്സേ ഉള്ളൂ എന്ന് വ്യക്തമായത്. വീട് എവിടെയാണെന്ന ചോദ്യത്തിന് ‘പയ്യോളി’ എന്നാണ് ഇരുവരും മറുപടി നൽകിയത്. ലൈസൻസ് എടുക്കാൻപോലും പ്രായമാകാത്ത കുട്ടികൾ ഇരുചക്ര വാഹനവുമെടുത്ത് 40 കിലോമീറ്ററോളം യാത്ര ചെയ്ത് എത്തിയതറിഞ്ഞ് പൊലീസ് ഞെട്ടി. തുടർന്ന്, രക്ഷിതാക്കളുടെ നമ്പർ വാങ്ങി പൊലീസ് വീട്ടിലേക്ക് വിളിച്ചപ്പോൾ ‘മക്കൾ അകത്തെ മുറിയിൽ ഉറങ്ങുകയാണെന്ന’ മറുപടിയാണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്. പിതാവ് ഗൾഫിലാണെന്നും കുട്ടികൾ പറഞ്ഞു.
ഹെൽമറ്റ് വെക്കാതെ, നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരമധ്യത്തിലൂടെയും നാട്ടിൻപുറത്തെ വഴികളിലൂടെയും ട്രിപ്പിളടിച്ച് യാത്ര ചെയ്യുന്ന യുവാക്കളുടെ എണ്ണം പെരുകുകയാണ്. കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇരുചക്രവാഹനം വാങ്ങി നൽകുന്ന രക്ഷിതാക്കൾ അവർ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ അറിയുന്നില്ല. കഴിഞ്ഞദിവസം ട്രിപ്പിളടിച്ചുപോയ കുറ്റത്തിന് പൊലീസ് പിടികൂടിയ വാഹനത്തിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമായിരുന്നു. സ്വന്തമായി വാഹനമില്ലാത്ത കുട്ടികളും ഇത്തരം നിയമലംഘനങ്ങളിൽപ്പെടുകയും വാഹനാപകടങ്ങളിൽ മരണപ്പെടുകയും ചെയ്യുന്നുണ്ട്.
എഐ ക്യാമറകളെയോ പൊലീസിന്റെ ക്യാമറകളെയോ വിലവെക്കാതെ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചാണ് റോഡിലൂടെയുള്ള അഭ്യാസ പ്രകടനം. ചിലർ നമ്പർ പ്ലേറ്റിൽ മാസ്ക് വെച്ചും സഞ്ചരിക്കുന്നു. കുന്ദമംഗലം മുതൽ താമരശ്ശേരി വരെയുള്ള ഭാഗത്ത് യുവാക്കൾക്കോ പ്രായമായവർക്കോ നിയമങ്ങളൊന്നും ബാധകമല്ലെന്ന രീതിയിലാണ് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ ബൈക്ക് അപകടങ്ങളിൽ 4 ചെറുപ്പക്കാരാണ് മരിച്ചത്. ബാലുശ്ശേരിയിൽ ബൈക്ക് നിയന്ത്രണംവിട്ട് അപകടത്തിൽപെട്ട സംഭവത്തിൽ 2 പേർ മരിച്ചപ്പോൾ മൂന്നാമത്തെയാൾ ഗുരുതരാവസ്ഥയിലാണ്. ജില്ലയിലെ ഇരുചക്രവാഹന അപകടങ്ങളിലുണ്ടാകുന്ന പെട്ടെന്നുള്ള വർധന ആശങ്കയുണ്ടാക്കുന്നതാണ്. ജനുവരി ഒന്നു മുതൽ കഴിഞ്ഞ മാസം വരെ സിറ്റി പൊലീസ് ജില്ലാ പരിധിയിൽ വലുതും ചെറുതുമായി 1,448 ഇരുചക്രവാഹന അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ വാഹനമോടിച്ച 63 പേരും പിന്നിൽ യാത്ര ചെയ്തിരുന്ന 13 പേരും മരിച്ചു. റൂറൽ പൊലീസ് പരിധിയിൽ കഴിഞ്ഞമാസം വരെ 769 അപകടങ്ങളാണ് സംഭവിച്ചത്; ഇതിൽ 37 പേർ മരണപ്പെട്ടു.