‘പാർട്ടിയിൽ പിണറായിസം മാത്രം, അടിമയായി തുടരാനാകില്ല’; കോടിയേരിയുടെ ഭാര്യാസഹോദരൻ സിപിഎം വിട്ടു
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ വിനയകുമാർ പാർട്ടി വിട്ടു. പാർട്ടിയിൽ ഇപ്പോൾ പിണറായിസം മാത്രമേയുള്ളൂവെന്ന് ആരോപിച്ചാണ് അദ്ദേഹം അംഗത്വം പുതുക്കാൻ തയ്യാറാകാതിരുന്നത്. 2009 മുതൽ പട്ടം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, ഒരു അടിമയെപ്പോലെ പാർട്ടിയിൽ തുടർന്നുപോകുന്നതിൽ യാതൊരു അർത്ഥവുമില്ലെന്ന് വ്യക്തമാക്കി.
നിലവിൽ സിപിഎം എന്നൊരു പാർട്ടി ഇല്ലെന്നും, സിപിഎം എന്നാൽ പിണറായി ആണെന്നും പിണറായി എന്നാൽ സിപിഎം ആണെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നതെന്നും വിനയകുമാർ വിമർശിച്ചു. പാർട്ടിയിൽ ഇതിന് മുൻപ് കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. നേതാക്കൾ പറയുന്നത് മുഴുവൻ അപ്പാടെ വിഴുങ്ങേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. വിമർശിക്കുന്നവരെ വർഗവഞ്ചകരായി ചിത്രീകരിക്കുന്നു. കുറെ കാലങ്ങളായി പിണറായി വിജയന്റെ കുടുംബത്തിനെതിരെയുള്ള കേസുകൾ പ്രതിരോധിക്കുക എന്നത് മാത്രമാണ് പാർട്ടിയിൽ നടക്കുന്നതെന്നും മറ്റ് പ്രവർത്തനങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. പത്ത് വർഷത്തെ ഭരണത്തിന് ശേഷം പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. എന്നിട്ടും തെറ്റുകൾ തിരുത്താൻ നേതൃത്വം തയ്യാറാകുന്നില്ല.
തെറ്റ് തിരുത്തലിനായി സംസ്ഥാന സമിതി ചേരുന്നതിന്റെ തലേദിവസം തന്നെ, താനും പിണറായിയും മാറില്ലെന്ന് എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതിന്റെ സന്ദേശം എന്താണെന്നും വിനയകുമാർ ചോദിച്ചു. വിപുലീകരിച്ച ജില്ലാ കമ്മിറ്റികളിൽ സ്തുതിപാഠകരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അണികളെ കുറ്റപ്പെടുത്തുന്ന എം.വി ഗോവിന്ദനെയും പിണറായി വിജയനെയും നേതാക്കളായി അംഗീകരിച്ചതാണ് അണികൾക്ക് പറ്റിയ വലിയ തെറ്റെന്നും, ഇവർ മാറാതെ പാർട്ടി ഒരിക്കലും രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എം.ഡി ആയിരുന്നു എസ്.ആർ വിനയകുമാർ. എന്നാൽ ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ചതിന് വിനയകുമാർ ഉൾപ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. അന്ന് മുതൽ പാർട്ടി നേതൃത്വവുമായി അദ്ദേഹം കടുത്ത അകൽച്ചയിലായിരുന്നു.