ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവർ സ്വതന്ത്രരായി നടക്കുന്നത് നിങ്ങളുടെ സംസ്കാരത്തിൻ്റെ ഭാഗമാണോ?’; ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി പാർവതി തിരുവോത്ത്
രാജീവ് ഗാന്ധിയുടെ മടിയിൽ സോണിയ ഗാന്ധി ഇരിക്കാറുണ്ടായിരുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലിയുള്ള സാംസ്കാരിക വിമർശനങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി നടി പാർവതി തിരുവോത്ത്. ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ വിഷയമുയർത്തിയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പാർവതിയുടെ രൂക്ഷവും പരിഹാസരൂപേണയുമുള്ള പ്രതികരണം.
“സോണിയ ഗാന്ധി ഭർത്താവിന്റെ മടിയിൽ ഇരിക്കുന്നത് നമ്മുടെ സമൂഹത്തിന് വലിയ സാംസ്കാരിക ഞെട്ടലാണ്, എന്നാൽ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവർ സ്വതന്ത്രരായി വിഹരിക്കുന്നത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണോ? വെറും മനുസ്മൃതി കാര്യങ്ങൾ. 5000 വർഷം പഴക്കമുള്ള സംസ്കാരം സാർ….” എന്നായിരുന്നു പാർവതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ, കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കുമ്പോൾ അച്ഛന്റെ മടിയിൽ അമ്മ ഇരിക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ‘സംസ്കാരവും മര്യാദയും’ ഉയർത്തിക്കാട്ടി ബിജെപി നേതാക്കൾ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പാർവതി തിരുവോത്തിന്റെ ഈ രാഷ്ട്രീയ വിമർശനം.