21/11/2026
[fontresizer_tawhidurrahmandear_widget]

‘ഉറ്റബന്ധുക്കൾ തമ്മിലുള്ള വിവാഹം തടയാൻ നിയമം കൊണ്ടുവരണം’; കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി

 ‘ഉറ്റബന്ധുക്കൾ തമ്മിലുള്ള വിവാഹം തടയാൻ നിയമം കൊണ്ടുവരണം’; കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ഉറ്റബന്ധുക്കൾ തമ്മിലുള്ള വിവാഹം തടയുന്നതിനായി നിയമനിർമാണം നടത്തുന്നത് ആലോചിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യത്തിൽ കോടതിക്ക് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്. സാമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട് ഇത്തരം വിവാഹങ്ങളുടെ കാര്യത്തിൽ നിയമം കൊണ്ടുവരേണ്ടത് നിയമനിർമാണ സഭയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ നിയമവിദ്യാർഥിനിയായ ചർവി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്.

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികൾക്കുണ്ടാകാവുന്ന ജനിതക വൈകല്യങ്ങളും രോഗങ്ങളും ഒഴിവാക്കാനാകുമെന്നിരിക്കെ, ആചാരമാണെന്ന ഒറ്റക്കാരണത്താൽ ഇത്തരം വിവാഹങ്ങൾക്ക് അനുമതി നൽകുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. ഇക്കാര്യത്തിൽ അനുകൂലമായ നിയമനിർമാണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടുന്നുവെന്നും, വിവിധ മാധ്യമങ്ങളിലൂടെ കൃത്യമായ രൂപരേഖ തയ്യാറാക്കി ബോധവൽക്കരണം നടത്തുന്നത് ആലോചിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി.

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികളിൽ ‘ഹോമോസൈഗോസിറ്റി’ കൂടുതലായി കണ്ടുവരുന്നതായി സമീപകാല മെഡിക്കൽ പഠനങ്ങൾ തെളിയിക്കുന്നുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇത് ജനിതക രോഗങ്ങൾക്കും ജന്മനായുള്ള അവയവ വൈകല്യങ്ങൾക്കും, കാഴ്ചക്കുറവും കേൾവിക്കുറവും പോലുള്ള ഇന്ദ്രിയ വൈകല്യങ്ങൾക്കും, വികാസ വൈകല്യങ്ങൾക്കും ശിശുമരണത്തിനും കാരണമാകുന്നുണ്ട്. ഗ്രാമീണ മേഖലകളിലാണ് ഇത്തരം വിവാഹങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്നും, ഇവയുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും ഹരജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

എന്നാൽ വിവാഹം ഒരു വ്യക്തിയുടെ സ്വകാര്യ തീരുമാനമാണെന്നും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് വ്യക്തികളാണെന്നും കോടതി വ്യക്തമാക്കി. നേരത്തെ സമാനമായ വിവാഹബന്ധത്തിലുണ്ടായ ഒരാൾക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ച സംഭവത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഒരേ കുടുംബത്തിനുള്ളിൽ നടന്ന വിവാഹത്തിലൂടെ ജനിച്ചയാളാണ് താനെന്നും, ഈ ആചാരം കാരണം തനിക്ക് 40 ശതമാനത്തോളം കാഴ്ചവൈകല്യം അനുഭവിക്കേണ്ടി വന്നുവെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചു. അതിനാൽ ഹിന്ദു വിവാഹ നിയമത്തിലെ നാല്, അഞ്ച് സെക്ഷനുകൾ പ്രകാരം രക്തബന്ധങ്ങൾക്കിടയിലോ സപിണ്ഡ ബന്ധത്തിലോ ഉള്ള വിവാഹങ്ങൾ മതിയായ ആരോഗ്യപരിരക്ഷകളില്ലാതെ നടത്തുന്നത് നിരോധിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. ഇത്തരം വിവാഹത്തിന് തീരുമാനിക്കുന്നവർക്ക് കൗൺസിലിംഗും, ഭാവി തലമുറയ്ക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണവും നൽകണമെന്നും സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. ഇതൊന്നുമില്ലാതെ ഇത്തരം വിവാഹങ്ങൾ നടത്തുന്നത് ഭരണഘടനയിലെ 14, 21 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

Also read: