ധനരാജ് വധക്കേസ്: ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാര്‍; 16 ബിജെപി-ആർ.എസ്.എസ് പ്രവർത്തകരെ വെറുതെവിട്ടു
ധനരാജ്
തളിപ്പറമ്പ്: സി.പി.എം പ്രാദേശിക നേതാവ് സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 20 പ്രതികളിൽ മൂന്ന് പേർ മാത്രം കുറ്റക്കാരെന്ന് കോടതി. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ ബാക്കി 16 പേരെയും കോടതി വെറുതെവിട്ടു. പ്രതികളിൽ ഒരാൾ പിന്നീട് കൊല്ലപ്പെട്ടിരുന്നു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് കേസിൽ വിധി പറഞ്ഞത്.
ഒന്നാം പ്രതി ടി.പി. ബിജു (34), രണ്ടാം പ്രതി കക്കംപാറയിലെ എം. വിപിൻ (34), മൂന്നാം പ്രതി കക്കംപാറയിലെ എം. വൈശാഖ് (31) എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
നാല് മുതൽ 20 വരെ പ്രതികളായ രാമന്തളി മൊട്ടക്കുന്നിലെ ചിറ്റടിയിലെ സി. സുകേഷ് (31), കക്കംപാറയിലെ കെ.വി. പ്രജിത്താൽ (31), കെ. അനൂപ് (31), കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷ് (39), കാങ്കോൽ ആലക്കാട്ടെ കെ.എം. ബിജു (44), പയ്യന്നൂർ കാരയിലെ പി. രാജേഷ് കുമാർ (53), രാമന്തളി കക്കംപാറയിലെ കെ. മനൂപ് (32), മൊട്ടക്കുന്നിലെ സി. ഷൈജു (31), കക്കംപാറയിലെ കെ. ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി. രാജീവൻ (34), കക്കംപാറയിലെ കെ. മധു (42), തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ. അജീഷ് (കണ്ണൻ-38), ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), പയ്യന്നൂർ കാരയിലെ രമേശൻ കാര (50), കാങ്കോൽ വടശ്ശേരിയിലെ എ.പി. നിജേഷ് (കുട്ടൻ-38), മൊട്ടക്കുന്നിലെ മാട്ടുക്കാരൻ ലിജിൻ (31) എന്നിവരെയാണ് വെറുതെവിട്ടത്.
ഒന്നാം പിണറായി വിജയൻ സർക്കാരിൽ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്ന 2016 ജൂലൈ 11-നാണ് സി.വി. ധനരാജ് കൊല്ലപ്പെട്ടത്. 20 ബി.ജെ.പി.-ആർ.എസ്.എസ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. 12-ാം പ്രതിയായ സി. ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. ബാക്കി 19 പ്രതികളും വിധി കേൾക്കാനായി കോടതിയിൽ ഹാജരായി.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വീടിന് മുന്നിൽ വെച്ച് ഒരു സംഘം ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു.
രണ്ട് ഘട്ടങ്ങളിലായി രണ്ടിടത്ത് ഗൂഢാലോചന നടത്തിയാണ് ധനരാജിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഒരു വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് കോടതി പരിസരത്ത് വലിയ പൊലീസ് സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.