‘എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ തുറന്നടിച്ച് അമൽ ഉണ്ണിത്താൻ
തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ സൈബർ ആക്രമണം കടുക്കവെ, കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും രൂക്ഷമായി വിമർശിച്ച് മകൻ അമൽ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തലയെന്നാണ് അമൽ ഉണ്ണിത്താൻ ചോദിക്കുന്നത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികൾ കേരളം മറന്നിട്ടില്ലെന്നും, ഇപ്പോൾ വി.ഡി. സതീശൻ മുഖ്യമന്ത്രിയായിരിക്കെ വീണ്ടും പഴയ രാഷ്ട്രീയ തിരക്കഥ ആവർത്തിക്കുകയാണോ എന്നും അദ്ദേഹം പോസ്റ്റിൽ സംശയം പ്രകടിപ്പിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരിൽ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നതെന്നും കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഭരണമാണോ, അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കൽ ചെയർ മത്സരമാണോയെന്നും അമൽ ചോദിക്കുന്നു.
അമൽ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഭരണമാണോ, അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള മ്യൂസിക്കൽ ചെയർ മത്സരമാണോ?
കേരളത്തിലെ കോൺഗ്രസിലെ ഇപ്പോഴത്തെ ആഭ്യന്തര തർക്കങ്ങൾ കാണുമ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കഴിയുന്നില്ല.
എല്ലാ പണിയും ഒപ്പിച്ചുവെച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തല?
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികൾ കേരളം മറന്നിട്ടില്ല. ഇപ്പോൾ വി.ഡി. സതീശൻ മുഖ്യമന്ത്രിയായിരിക്കെ വീണ്ടും പഴയ രാഷ്ട്രീയ തിരക്കഥ ആവർത്തിക്കുകയാണോ?
വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരിൽ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നത്? ഈ സംശയങ്ങൾക്ക് കോൺഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നൽകണം.
ജനങ്ങൾ വോട്ട് ചെയ്തത് അഞ്ചുവർഷം ഭരിക്കാനാണ്; അഞ്ചുവർഷം മുഴുവൻ മുഖ്യമന്ത്രി ആരാകണമെന്ന് ചർച്ച ചെയ്യാനല്ല!
പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണകാലത്ത് സിപിഎം പുലർത്തിയ സംഘടനാപരമായ അച്ചടക്കത്തെ ഞാൻ ബഹുമാനിക്കുന്നു. മുസ്ലിം ലീഗിന്റെ സംഘടനാപരമായ കെട്ടുറപ്പിനെയും അഭിനന്ദിക്കുന്നു. രാഷ്ട്രീയമായി വിയോജിപ്പുകൾ ഉണ്ടാകാം. എന്നാൽ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കോൺഗ്രസിന് അവരിൽനിന്നും പലതും പഠിക്കാനുണ്ടെന്നാണ് എന്റെ അഭിപ്രായം.
ഇനി പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ അവസ്ഥ നോക്കൂ!
നേതാക്കളുടെ അധികാരത്തർക്കങ്ങൾക്ക് ന്യായീകരണം കണ്ടെത്താൻ ചാനൽ ചർച്ചകളിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലും രാവും പകലും പോരാട്ടം നടത്തുകയാണ് പ്രവർത്തകർ.
കസേര നേതാക്കൾക്ക്, തമ്മിലടി പ്രവർത്തകർക്ക്! എന്തൊരു മനോഹരമായ തൊഴിൽവിഭജനം!
ഇനി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനകളെക്കുറിച്ച് പറയാം.
അദ്ദേഹം അഭിപ്രായം പറഞ്ഞാൽ ഉടനെ ചിലരുടെ വക ബിജെപി സർട്ടിഫിക്കറ്റ്!
എന്താ, കോൺഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യത്തിനും ഇപ്പോൾ ഗ്രൂപ്പ് നേതാക്കളുടെ എൻഒസി വേണമെന്നുണ്ടോ?
രാജ്മോഹൻ ഉണ്ണിത്താന് ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്നവരോട് ചോദിക്കട്ടെ:
എന്താണ് നിങ്ങളുടെ തെളിവ്? ഉണ്ടെങ്കിൽ പുറത്തുവിടൂ. അദ്ദേഹത്തിന്റെ പ്രസ്താവനകളെ രാഷ്ട്രീയമായി നേരിടൂ.
അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിൽ ബിജെപി മുദ്ര, ചോദ്യം ചോദിച്ചാൽ പാർട്ടിവിരുദ്ധൻ, വിമർശിച്ചാൽ അച്ചടക്കലംഘനം — ഇതാണോ കോൺഗ്രസിലെ ആഭ്യന്തര ജനാധിപത്യം?
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കാണിക്കുന്നതിനേക്കാൾ ആവേശം അധികാരക്കസേരയെക്കുറിച്ചുള്ള ചർച്ചകളിൽ കാണിക്കുന്നത് എന്തുകൊണ്ടാണ്?
മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂ. എന്നാൽ കേരളത്തിൽ പരിഹരിക്കപ്പെടേണ്ട ജനകീയ പ്രശ്നങ്ങൾ ആയിരക്കണക്കിനുണ്ട്.
രാഷ്ട്രീയ നേതൃത്വത്തോട് അവസാനമായി ഒരു ചോദ്യം:
ജനങ്ങൾക്ക് വേണ്ടി അധികാരം ഉപയോഗിക്കാനാണോ നിങ്ങൾ രാഷ്ട്രീയത്തിൽ വന്നത്, അതോ അധികാരത്തിനുവേണ്ടി ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും ഉപയോഗിക്കാനാണോ?
വിമർശനങ്ങൾക്ക് മറുപടി നൽകേണ്ടത് തെളിവുകളും വസ്തുതകളും കൊണ്ടാണ്; ബിജെപി സർട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ടല്ല!