24/11/2026
[fontresizer_tawhidurrahmandear_widget]

‘രാജ്മോഹന്‍ ഉണ്ണിത്താനോട് കടപ്പാട്; ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും പ്രതിരോധിച്ച് കല്ലേറ് കൊണ്ടയാളാണ് അദ്ദേഹം’: ചാണ്ടി ഉമ്മന്‍

 ‘രാജ്മോഹന്‍ ഉണ്ണിത്താനോട് കടപ്പാട്; ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും പ്രതിരോധിച്ച് കല്ലേറ് കൊണ്ടയാളാണ് അദ്ദേഹം’: ചാണ്ടി ഉമ്മന്‍

കോട്ടയം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ പരസ്യമായി പിന്തുണച്ചും ഷാഫി പറമ്പിലിനെതിരെ ഒളിയമ്പെയ്തും ചാണ്ടി ഉമ്മൻ. തങ്ങളുടെ കുടുംബത്തിനുവേണ്ടി രക്തസാക്ഷിയായ ആളാണ് രാജ്മോഹൻ ഉണ്ണിത്താനെന്നും ആ സ്നേഹം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹത്തോട് കടപ്പാടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

സോളാർ വിവാദ സമയത്ത് കുടുംബത്തിനുവേണ്ടി ഉണ്ണിത്താൻ പരസ്യമായി പ്രതിരോധം തീർത്തുവെന്ന് ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു. ഉമ്മൻചാണ്ടിയുടെ അവസാന സമയത്ത് എന്തെങ്കിലും നേട്ടം കിട്ടുമോ എന്ന് നോക്കിയവരുണ്ടെന്നും, എന്നാൽ അത് ഷാഫി ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

“രാജ്മോഹൻ ഉണ്ണിത്താൻ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിച്ചു. അദ്ദേഹം രക്തമൊലിപ്പിച്ചുകൊണ്ട് വന്നപ്പോൾ ഞങ്ങളാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. പലവട്ടം സിപിഎം അദ്ദേഹത്തെ ആക്രമിച്ചു. സോളർ സമയത്ത് കുടുംബത്തെയും ഉമ്മൻചാണ്ടിയെയും പാർട്ടിയെയും സംരക്ഷിച്ച രണ്ടുപേരിൽ ഒരാൾ രാജ്മോഹൻ ഉണ്ണിത്താൻ തന്നെയാണ്. അതിൽ ഒരു സംശയവും വേണ്ട. ചാനലുകളിൽ നിന്ന് ചാനലുകളിലേക്ക് പോയി അദ്ദേഹം പാർട്ടിയെ പ്രതിരോധിച്ചു. ഞങ്ങളുടെ കുടുംബത്തിന് വേണ്ടി രക്തസാക്ഷിയായ ആളാണ്. ഞങ്ങളുടെ കുടുംബത്തെ പച്ചയ്ക്ക് വലിച്ച് കീറുകയായിരുന്നു അന്ന്. ഞങ്ങളെയൊക്കെ തകർക്കാൻ അന്ന് ഇടതുപക്ഷം ശ്രമിച്ചപ്പോൾ മുന്നിൽ നിന്ന് പ്രതിരോധിച്ചത് രാജ്‌മോഹൻ ഉണ്ണിത്താനാണ്. അദ്ദേഹമുണ്ട്. സിദ്ദിഖുമുണ്ട്, മറ്റുള്ളവരുമുണ്ട്. ഞങ്ങൾക്കത് മറക്കാനാവില്ല,” ചാണ്ടി പറഞ്ഞു.

ഉമ്മൻചാണ്ടിയെയും കോൺഗ്രസിനെയും പ്രതിരോധിച്ച് കല്ലേറ് കൊണ്ടയാളാണ് ഉണ്ണിത്താനെന്നും ശാരീരികമായും അതിക്രമങ്ങൾ നേരിട്ടുവെന്നും പറഞ്ഞ ചാണ്ടി ഉമ്മൻ, പാർട്ടിക്കും തന്റെ കുടുംബത്തിനും അദ്ദേഹത്തോട് വലിയ കടപ്പാടുണ്ടെന്നും വ്യക്തമാക്കി.

Also read: