26/11/2026
[fontresizer_tawhidurrahmandear_widget]

‘പരാജയങ്ങൾ ലോകം അറിയുമെന്ന് സർക്കാർ ഭയപ്പെടുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അഭിജീത് ദിപ്കെ

 ‘പരാജയങ്ങൾ ലോകം അറിയുമെന്ന് സർക്കാർ ഭയപ്പെടുന്നു’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അഭിജീത് ദിപ്കെ

സംഭാജിനഗർ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ പാർട്ടി നേരിട്ട് മത്സരിക്കുകയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകുകയോ ചെയ്യില്ലെന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) നേതാവ് അഭിജീത് ദിപ്കെ വ്യക്തമാക്കി. മതത്തിന്റെയും ക്ഷേത്ര-മസ്ജിദ് വിഷയങ്ങളുടെയും പേരിൽ വോട്ട് ചോദിക്കുന്നതിന് പകരം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ യുവാക്കളുടെ യഥാർത്ഥ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് അഭിജീത് പറഞ്ഞു.

അതേസമയം, സി.ജെ.പി നേതാവും മാധ്യമപ്രവർത്തകനുമായ സൗരവ് ദാസിന്റെ ബ്രിട്ടൻ യാത്ര ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ അഭിജീത് ദിപ്കെ രൂക്ഷവിമർശനം ഉന്നയിച്ചു.

“കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വിജയ് മല്യയെയും നീരവ് മോദിയെയും മെഹുൽ ചോക്സിയെയും രാജ്യം വിടുന്നതിൽ നിന്ന് ആരും തടഞ്ഞില്ല. എന്നാൽ, അംബേദ്‌കറുടെയും ഗാന്ധിജിയുടെയും തത്വചിന്തകൾ തങ്ങളുടെ പ്രസ്ഥാനത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ കോൺഫറൻസിൽ സംസാരിക്കാൻ പോയ 27 വയസ്സുള്ള സൗരവ് ദാസിനെ യാത്ര ചെയ്യാൻ അനുവദിച്ചില്ല,” അഭിജീത് കുറ്റപ്പെടുത്തി.

യുവനേതാക്കൾ വിദേശത്ത് പോയി രാജ്യത്തെ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞാൽ തങ്ങളുടെ പരാജയങ്ങൾ അന്താരാഷ്ട്ര തലത്തിൽ തുറന്നുകാട്ടപ്പെടുമെന്ന് സർക്കാർ ഭയപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തിൽ യാത്ര തടയുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാസ്പോർട്ട് മരവിപ്പിച്ച് തന്റെ യാത്ര തടഞ്ഞത് ഭീരുവായ സർക്കാരിന്റെ നടപടിയാണെന്ന് സൗരവ് ദാസും നേരത്തെ പ്രതികരിച്ചിരുന്നു.

ഭരണഘടനാ ദിനമായ നവംബർ 26-ന് നാഗ്പൂരിലെ സംവിധാൻ ചൗക്കിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ ‘ഭരണഘടനയെ സംരക്ഷിക്കുക’ റാലി സംഘടിപ്പിക്കുന്നുണ്ട്. അഭിജീത് ദിപ്കെയും അശുതോഷ് രങ്കയും റാലിയെ അഭിസംബോധന ചെയ്യും. വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് റാലി നടക്കുക. നാഗ്പൂരിലെ പ്രമുഖ വ്യക്തികൾ, സാമൂഹിക പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നുണ്ട്. പ്രമുഖ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകൻ സത്യപാൽ മഹാരാജിനെ ഇതിനകം ക്ഷണിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ഭരണഘടനാ ദിനം വെറുമൊരു ആഘോഷത്തിനുള്ള ദിവസമല്ലെന്നും, ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെയും അവകാശങ്ങളെയും കടമകളെയും കുറിച്ച് ഓർമിപ്പിക്കുന്ന ദിവസമാണെന്നും സി.ജെ.പി പ്രസ്താവനയിൽ പറഞ്ഞു. ഡോ. ബി.ആർ. അംബേദ്‌കർ കാണിച്ചുതന്ന പാത പിന്തുടർന്ന് ജനാധിപത്യത്തെ സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന് അഭിജീത് ദിപ്കെ എക്സിലൂടെ ആഹ്വാനം ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് ഗോവ സന്ദർശിച്ച അഭിജീത്, സംസ്ഥാന സർക്കാരിനെതിരെ ഭൂമി കയ്യേറ്റ ആരോപണം ഉന്നയിച്ച് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

Also read: