26/11/2026
[fontresizer_tawhidurrahmandear_widget]

‘അധികാരത്തോടുള്ള അത്യാഗ്രഹം മൂലം ബിജെപിക്ക് ആർക്കൊപ്പവും കൈകോർക്കാനാകും; എഎപിയുടെ സഖ്യം പഞ്ചാബിലെ ജനങ്ങളുമായി’: കെജ്‌രിവാൾ

 ‘അധികാരത്തോടുള്ള അത്യാഗ്രഹം മൂലം ബിജെപിക്ക് ആർക്കൊപ്പവും കൈകോർക്കാനാകും; എഎപിയുടെ സഖ്യം പഞ്ചാബിലെ ജനങ്ങളുമായി’: കെജ്‌രിവാൾ

2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ശിരോമണി അകാലിദളും ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സഖ്യം പുതുക്കിയതിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. അധികാരത്തിലേറണമെന്ന അത്യാഗ്രഹം കാരണം ബിജെപിക്ക് ആരുമായി വേണമെങ്കിലും സഖ്യമുണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം.എഎപിയുടെ യഥാർത്ഥ സഖ്യം പഞ്ചാബിലെ സാധാരണ ജനങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിലെ കർഷകർ, സ്ത്രീകൾ, വ്യാപാരികൾ, പട്ടികജാതിവിഭാഗങ്ങൾ എന്നിവരോടൊപ്പമാണ് തങ്ങളുടെ സഖ്യമെന്നും കെജ്‌രിവാൾ പറഞ്ഞു.

കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിലാണ് എൻഡിഎ സഖ്യം വിട്ട് അകാലിദൾ ബിജെപിയുമായി പിരിഞ്ഞത്. ഈ കർഷക സമരത്തിനിടെ 700-ലധികം കർഷകർക്ക് ജീവൻ നഷ്ടമായത് പഞ്ചാബിലെ ജനങ്ങൾ മറന്നിട്ടില്ലെന്നും കെജ്‌രിവാൾ ഓർമിപ്പിച്ചു. മുൻ അകാലിദൾ-ബിജെപി ഭരണകാലത്ത് സംസ്ഥാനത്തുണ്ടായ ലഹരിമരുന്ന് വ്യാപനവും മതഗ്രന്ഥങ്ങൾ അനാദരിക്കപ്പെട്ട സംഭവങ്ങളും വോട്ടെടുപ്പിൽ ജനങ്ങൾ വിലയിരുത്തുമെന്നും, കഴിഞ്ഞ അഞ്ചുവർഷമായി മുഖ്യമന്ത്രി ഭഗവന്ത് മാൻ നേതൃത്വം നൽകുന്ന സർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിനായി കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പഞ്ചാബിനെ ലഹരിമരുന്ന് മാഫിയയുടെ പിടിയിലേക്ക് തള്ളിവിട്ടവരാണ് വീണ്ടും ഒന്നിച്ചിരിക്കുന്നതെന്ന് എഎപി ദേശീയ മീഡിയ ഇൻചാർജ് അനുരാഗ് ധന്ദയും ആരോപിച്ചു. 2007 മുതൽ 2017 വരെയുള്ള സഖ്യഭരണകാലത്ത് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ലഹരിയെത്തിയെന്നും, ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കിയ ഭഗവന്ത് മാൻ സർക്കാരിനെ നേരിടാനാണ് ഈ സഖ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 117-ൽ 92 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ച എഎപി, തുടർച്ചയായ രണ്ടാം ഊഴം ലക്ഷ്യമിട്ടാണ് നീങ്ങുന്നത്.

Also read: