‘രാജീവ് ഗാന്ധിയുടെ സുരക്ഷ വെട്ടിക്കുറച്ചതാരെന്ന് വ്യക്തമാക്കണം; സ്ഫോടന സമയത്ത് കോൺഗ്രസ് നേതാക്കൾ മാറിനിന്നതിന്റെ ദുരൂഹത അന്വേഷിക്കണം’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ ബോധപൂർവം വെട്ടിക്കുറച്ചതാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ ശക്തമായി എതിർത്ത് സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവി. ശ്രീപെരുംപത്തൂരിൽ സ്ഫോടനമുണ്ടായപ്പോൾ കോൺഗ്രസ് നേതാക്കളാരും കൊല്ലപ്പെട്ടില്ലെന്നും, അന്ന് നേതാക്കൾ രാജീവ് ഗാന്ധിയിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം വിശദീകരിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി പരസ്യ സംവാദത്തിലേർപ്പെടാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജീവ് ഗാന്ധി വധം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം പ്രവർത്തിച്ച എൻ.എസ്.ജി ക്യാപ്റ്റനായിരുന്നു മേജർ രവി. അക്കാലത്ത് 51 സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെ ഓപ്പറേഷൻ സംഘത്തെയാണ് അന്വേഷണ സംഘത്തിനൊപ്പം നിയോഗിച്ചിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ താൻ പലതവണ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നും അന്നത്തെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ വാദം തൽക്കാലം ശരിയാണെന്ന് സമ്മതിച്ചാൽ പോലും, സുരക്ഷ നീക്കം ചെയ്യാൻ ഉത്തരവിട്ടത് ആരാണെന്ന് വെളിപ്പെടുത്തേണ്ടതുണ്ടെന്ന് മേജർ രവി ചൂണ്ടിക്കാട്ടി. അന്ന് വി.പി. സിങ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിലും കോൺഗ്രസിന്റെ പിന്തുണയോടെയാണ് ആ സർക്കാർ ഭരിച്ചിരുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മാത്രമല്ല, രാജീവ് ഗാന്ധിയുടെ സുരക്ഷ പൂർണ്ണമായി ഒഴിവാക്കിയിരുന്നില്ലെന്നും ഡൽഹി മെഹ്റൗളിയിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ എൻ.എസ്.ജി ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കാവലുണ്ടായിരുന്നുവെന്നും മേജർ രവി വ്യക്തമാക്കി.
ശ്രീപെരുംപത്തൂരിലെ സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരുമാണ് വീരമൃത്യു വരിച്ചതെന്നും ഒരു കോൺഗ്രസ് നേതാവിന് പോലും പരിക്കേറ്റില്ലെന്നും മേജർ രവി പറഞ്ഞു. പ്രസംഗവേദിയിലേക്ക് പോകുന്നതിന് മുൻപ് ഇന്ദിരാഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയതിന് പിന്നാലെ, ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ രാജീവ് ഗാന്ധിയിൽ നിന്ന് അകലം പാലിച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
പ്രതിമയിൽ നിന്ന് വേദിയിലേക്ക് ഏകദേശം 75 മുതൽ 100 മീറ്റർ വരെ ദൂരം മാത്രമാണുണ്ടായിരുന്നത്. ഇത്രയും കുറഞ്ഞ ദൂരത്തിനിടെ നേതാക്കളെല്ലാം രാജീവ് ഗാന്ധിയിൽ നിന്ന് മാറിനിന്നതിന്റെ ദുരൂഹത അന്വേഷിക്കണമെന്നും അന്നത്തെ വിഡിയോ ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിന്റെ അന്വേഷണ വേളയിൽ ഒരു രാഷ്ട്രീയ നേതാവിനെ പോലും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നില്ലെന്ന് മേജർ രവി ആരോപിച്ചു. താൻ അന്വേഷണ സംഘത്തിനൊപ്പം ഉണ്ടായിരുന്ന സമയത്ത് രാഷ്ട്രീയക്കാരാരും മൊഴി നൽകാനോ ചോദ്യം ചെയ്യലിനോ എത്തിയിട്ടില്ല. അതിനാൽ എസ്.ഐ.ടി രേഖകളും സി.ബി.ഐ അന്വേഷണ ഫയലുകളും വീണ്ടും പരിശോധിച്ച് പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ പ്രതികളായ മുരുകനെയും നളിനിയെയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും വെല്ലൂർ ജയിലിൽ പോയി കണ്ടതിനെയും മേജർ രവി ചോദ്യം ചെയ്തു. ആ കൂടിക്കാഴ്ചയുടെ പിന്നിലെ ലക്ഷ്യം എന്തായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തിന് സമാനമായ ഗൂഢാലോചനയാണ് ഇവിടെയും നടന്നതെന്ന് മേജർ രവി അഭിപ്രായപ്പെട്ടു. എൽ.ടി.ടി.ഇ കേവലം വാടകക്കൊലയാളികൾ മാത്രമായിരുന്നുവെന്നും, അവരുടെ തലയിൽ കുറ്റം കെട്ടിവെച്ച് രക്ഷപ്പെട്ടത് ആരാണെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.