02/03/2026
[fontresizer_tawhidurrahmandear_widget]

‘ഓപറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ ട്രെയിലര്‍ മാത്രം യുദ്ധം 4 മാസമോ വര്‍ഷമോ നീണ്ടുനിന്നാലും ഇന്ത്യന്‍ സൈന്യം സജ്ജം’- കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി

 ‘ഓപറേഷന്‍  സിന്ദൂര്‍  88 മണിക്കൂര്‍ ട്രെയിലര്‍ മാത്രം യുദ്ധം 4 മാസമോ വര്‍ഷമോ നീണ്ടുനിന്നാലും ഇന്ത്യന്‍ സൈന്യം സജ്ജം’- കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് മറുപടി നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഓപറേഷന്‍ സിന്ദൂര്‍ 88 മണിക്കൂര്‍ നീണ്ട ട്രെയിലര്‍ മാത്രമായിരുന്നു. യുദ്ധം നാലു മാസമോ നാലു വര്‍ഷമോ നീണ്ടുനിന്നാലും ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യത്തോട് എങ്ങനെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പാക്കിസ്താനെ പഠിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും മേധാവി ഓര്‍മ്മപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ‘ചാണക്യ ഡിഫന്‍സ് ഡയലോഗ്’ വേദിയില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ ദ്വിവേദി.

ഓപറേഷന്‍ സിന്ദൂറില്‍ നിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വേദിയില്‍ സംസാരിച്ചു. തീരുമാനമെടുക്കാന്‍ നമുക്ക് വളരെ കുറച്ച് സമയമാണുള്ളതെന്നാണ് സിന്ദൂറിലൂടെ പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സായുധ സേനകള്‍ തമ്മിലുള്ള തുല്ല്യ പങ്കാളിത്തമാണ് വിജയരഹസ്യം. കരസേന, നാവികസേന, വ്യോമസേന, സിഎപിഎഫ് എന്നിവയുടെ ഇടപെടല്‍ വലിയ കാര്യമാണ്. ഇന്നത്തെ യുദ്ധങ്ങള്‍ ഒന്നിലധികം മേഖലകളിലാണ് വ്യാപിച്ചിരിക്കുന്നത്. സൈന്യത്തിന് മാത്രം യുദ്ധം ചെയ്യാന്‍ കഴിയില്ല. എല്ലാവരും ഒരുമിച്ച് പോരാടണമെന്നും ജനറല്‍ ദ്വിവേദി പറഞ്ഞു.

അതേസമയം, ആവശ്യമെങ്കില്‍ നാല് വര്‍ഷത്തേക്ക് പോലും നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും വെടിക്കോപ്പുകളും ഇന്ത്യ ഉറപ്പാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരു യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് ഇന്നും നമുക്ക് പറയാന്‍ കഴിയില്ല. ഇത്തവണ ഞങ്ങള്‍ 88 മണിക്കൂര്‍ പോരാടി, അടുത്ത തവണ നാല് മാസമോ നാല് വര്‍ഷമോ ആകാം. അത് നോക്കുമ്പോള്‍, അതിനെ നേരിടാന്‍ ആവശ്യമായ സാധനങ്ങളും ആയുധങ്ങളും നമ്മുടെ പക്കലുണ്ടോ എന്നും, ഇല്ലെങ്കില്‍ നമ്മള്‍ അതിനായി തയ്യാറെടുക്കണം. രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും നടപടിയെടുക്കാന്‍ രാജ്യത്തിന്റെ സൈന്യം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

Also read: