നടിയെ ആക്രമിച്ച കേസ്: ’എനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’- നിയമനടപടിക്കൊരുങ്ങി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് നിയമനടപടിക്കൊരുങ്ങുന്നു. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ തങ്ങളുടെ നേട്ടങ്ങള്‍ക്കായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു. കോടതി വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് നീക്കം.
നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്ന് മഞ്ജു വാര്യര്‍ ‘അമ്മ’യുടെ വേദിയില്‍ നടത്തിയ പ്രസംഗമാണ് തനിക്കെതിരായ ഗൂഢാലോചനയുടെ തുടക്കമെന്ന് ദിലീപ് ആരോപിച്ചു. ഇത് കേസില്‍ തന്നെ പ്രതിയാക്കാനുള്ള നീക്കമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ ജയിലിലെ പ്രതികളെ ഉപയോഗിച്ച് കള്ളക്കഥ മെനഞ്ഞെന്നും തന്റെ ജീവിതവും കരിയറും നശിപ്പിക്കാനായിരുന്നു യഥാര്‍ത്ഥ ഗൂഢാലോചന നടന്നതെന്നും ദിലീപ് ആരോപിക്കുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് അഭിഭാഷകന്‍ ബി. രാമന്‍പിള്ളയും ആരോപിച്ചു.
അതേസമയം, ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തത് പ്രോസിക്യൂഷന്റെ പരാജയമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കേസില്‍ അതിജീവിതയ്ക്ക് പൂര്‍ണ്ണ നീതി ലഭിച്ചില്ലെന്നും, ദിലീപിന്റെ ആരോപണങ്ങള്‍ വിഷയം വഴിതിരിച്ചുവിടാനുള്ള നീക്കമാണെന്നും ഉമ തോമസ് എംഎല്‍എ പ്രതികരിച്ചു.