21/07/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ സംഘിയോ കമ്മിയോ അല്ല, ആരുടേയും പാവയാകാതിരിക്കാനാണ് എന്റെ രാജി’; ‘അമ്മ’യിലെ നാടകീയ നീക്കങ്ങളിൽ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

 ‘ഞാൻ സംഘിയോ കമ്മിയോ അല്ല, ആരുടേയും പാവയാകാതിരിക്കാനാണ് എന്റെ രാജി’; ‘അമ്മ’യിലെ നാടകീയ നീക്കങ്ങളിൽ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ശ്വേതാ മേനോൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡിക്ക് പിന്നാലെയുണ്ടായ നാടകീയ നീക്കങ്ങൾക്കും ഭരണസമിതിയുടെ കൂട്ടരാജിക്കും ശേഷം പ്രതികരണവുമായി നടി ശ്വേതാ മേനോൻ. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും അധിക്ഷേപവും തുടർച്ചയായതോടെയാണ് ഭരണസമിതി രാജിവെച്ചതെന്നും, ഇത് ദൗർബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണെന്നും ശ്വേത വ്യക്തമാക്കി. തങ്ങളുടേത് അടക്കം കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണമെന്ന നിർണ്ണായക ആവശ്യവും താരം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നോട്ടുവെച്ചു.

ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജി. അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരിപോലുള്ളവരെ മുന്നിൽ നിർത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. ഇത് മറികടന്നാണ് ഭൂരിപക്ഷ പിന്തുണയിൽ താൻ ജയിച്ചത്. നിർഭാഗ്യവശാൽ മുൻ കമ്മിറ്റി അംഗങ്ങൾ നടത്തിയ തെറ്റായ കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരം തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ചില നിക്ഷിപ്ത താൽപ്പര്യക്കാർ ഉറപ്പാക്കിയെന്നും ശ്വേത ആരോപിച്ചു.

താൻ സംഘിയോ കമ്മിയോ അല്ല. അമ്മ പ്രസിഡന്റ് ആയതിന് ശേഷമോ മുൻപോ ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടിയിലോ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ പരിപാടിയിലോ ക്ഷണം ലഭിച്ചിട്ട് പോലും പങ്കെടുത്തിട്ടില്ല. മറ്റെല്ലാവരും ഈ ക്ഷണങ്ങൾക്ക് പിന്നാലെ പോയപ്പോഴും മാറി നിൽക്കുകയായിരുന്നുവെന്നും ശ്വേത വിശദീകരിച്ചു. കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്തും എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ശ്വേതാ മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഒപ്പം നിന്ന എല്ലാവർക്കും നന്ദി. എങ്കിലും പൊതുജനങ്ങൾക്ക് മുന്നിൽ ഞാൻ തന്നെ കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. ആരുടേയും പാവയാകാൻ ആകാതിരിക്കാനാണ് തന്റെ രാജി. അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരിപോലുള്ളവരെ മുന്നിൽ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. ഇതിനെ മറികടന്ന് അമ്മയുടെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയിൽ ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. കഴിവിന്റെ പരമാവധി എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പാക്കാൻ എനിക്ക് കഴിയുമായിരുന്നു.

നിർഭാഗ്യവശാൽ, മുൻ കമ്മിറ്റി അംഗങ്ങൾ നടത്തിയ തെറ്റായ കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്ന് ചില നിക്ഷിപ്ത താൽപ്പര്യക്കാർ ഉറപ്പാക്കി.ഞങ്ങളുടേത് ഉൾപ്പെടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിക്കണം. പൂർണ്ണ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഒരു ഫോറൻസിക് ഓഡിറ്റ് നടത്തണം.

എന്റെ രാജിക്ക് ശേഷവും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. ഒരു കാര്യം ഞാൻ വ്യക്തമാക്കാം, ഞാൻ സംഘിയോ കമ്മിയോ അല്ല.

അമ്മ പ്രസിഡന്റ് ആയതിന് ശേഷമോ മുൻപോ ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടിയിലോ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ പരിപാടിയിലോ ക്ഷണം ലഭിച്ചിട്ട് പോലും ഞാൻ പങ്കെടുത്തിട്ടില്ല. മറ്റെല്ലാവരും ഈ ക്ഷണങ്ങൾക്ക് പിന്നാലെ പോയപ്പോഴും ഞാൻ മാറി നിന്നു.

യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്. രാജിവെയ്ക്കാനുള്ള തീരുമാനം ഞങ്ങളുടെ ദൗർബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണ്.

തുടരും. പിക്ചർ അബി ബാക്കിഹേ…മേരേ ദോസ്ത്

Also read: