01/04/2026
[fontresizer_tawhidurrahmandear_widget]

ഗുജറാത്തിലെ അംബാനി ഫാക്ടറിയില്‍ റഷ്യന്‍ എണ്ണക്കപ്പലുകളെന്ന് ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ട്; പച്ചക്കള്ളം, അപമാനിക്കരുതെന്ന് റിലയന്‍സ്‌

 ഗുജറാത്തിലെ അംബാനി ഫാക്ടറിയില്‍ റഷ്യന്‍ എണ്ണക്കപ്പലുകളെന്ന് ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ട്; പച്ചക്കള്ളം, അപമാനിക്കരുതെന്ന് റിലയന്‍സ്‌

മുംബൈ: റഷ്യന്‍ എണ്ണയുമായി മൂന്ന് കപ്പലുകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയിലേക്ക് വരുന്നുണ്ടെന്ന അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെര്‍ഗി’ന്റെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷപ്രതികരണവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബ്ലൂംബെര്‍ഗ് നല്‍കിയ വാര്‍ത്ത പച്ചക്കള്ളമാണെന്നും തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും റിലയന്‍സ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ തുറന്നടിച്ചു.

ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശുദ്ധീകരണശാലയായ ജാംനഗറിലെ പ്ലാന്റിലേക്ക് കഴിഞ്ഞ മൂന്നാഴ്ചയായി മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ എത്തിയെന്നായിരുന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. എന്നാല്‍, പ്ലാന്റിലേക്ക് റഷ്യയില്‍നിന്ന് എണ്ണ എത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. ജനുവരി മാസത്തില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിട്ടിട്ടില്ലെന്നും റിലയന്‍സ് അറിയിച്ചു. ‘ജനുവരിയില്‍ എണ്ണ വാങ്ങില്ലെന്ന റിലയന്‍സിന്റെ മുന്‍ നിലപാട് അവഗണിച്ച്, തെറ്റായ വാര്‍ത്ത നല്‍കി ഞങ്ങളുടെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തനത്തോട് കടുത്ത വിയോജിപ്പും വേദനയുമുണ്ട്,’ റിലയന്‍സ് ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇത്രയേറെ ജാഗ്രത പുലര്‍ത്തുന്നതിന് പിന്നില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങളാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയാണ് മുഴക്കിയിരിക്കുന്നത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങി അവരുടെ യുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

പാശ്ചാത്യ ഉപരോധങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ജാംനഗര്‍ പ്ലാന്റിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി ഡിസംബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുമെന്ന് റിലയന്‍സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അമേരിക്കയുമായുള്ള റിലയന്‍സിന്റെ ബന്ധത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.

റിലയന്‍സിന്റെ വിശദീകരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. റിലയന്‍സിന്റെ എക്‌സ് പോസ്റ്റിന് താഴെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നിറഞ്ഞു. ട്രംപിനെ റിലയന്‍സ് ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

‘എന്താ, ട്രംപിനെ പേടിയാണോ? നമുക്ക് വിശ്വഗുരു പ്രധാനമന്ത്രിയായി ഉണ്ടല്ലോ, പിന്നെന്തിനാണ് ഭയം?’ എന്നായിരുന്നു ഒരാളുടെ പരിഹാസം. റഷ്യയില്‍നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നത് എങ്ങനെയാണ് ഒരു കമ്പനിയുടെ ‘പ്രതിച്ഛായ’ തകര്‍ക്കുകയെന്ന് മറ്റ് ചിലര്‍ അത്ഭുതം പ്രകടിപ്പിച്ചു. ‘വാര്‍ത്ത തെറ്റാണെങ്കില്‍ ഇരവാദം കളിക്കാതെ ആ മാധ്യമത്തിനെതിരെ കേസ് കൊടുക്കുകയാണ് വേണ്ടത്,’ എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നത് തന്നെ പ്രീണിപ്പിക്കാനാണെന്ന ട്രംപിന്റെ സമീപകാല അവകാശവാദങ്ങള്‍ ശരിവെക്കുന്നതാണ് റിലയന്‍സിന്റെ ഈ വെപ്രാളമെന്നും ചിലര്‍ നിരീക്ഷിക്കുന്നു.

പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുന്ന റിലയന്‍സിന്, അമേരിക്കന്‍ വിപണി നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ റഷ്യന്‍ ബന്ധം ആരോപിക്കപ്പെടുന്നത് കമ്പനിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന ഭയം റിലയന്‍സിനുണ്ടെന്ന് വ്യക്തം. എന്നാല്‍, റിലയന്‍സിന്റെ പ്രതികരണത്തോട് ബ്ലൂംബെര്‍ഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also read: