അര്‍ജന്റീനയിലെ കാട്ടുതീക്ക് പിന്നില്‍ ഇസ്രയേലികള്‍? ഐഡിഎഫ് ഗ്രനേഡ് ഉപയോഗിച്ചെന്ന് ആരോപണം; വന്‍ വിവാദം
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ പാറ്റഗോണിയ മേഖലയില്‍ പടര്‍ന്നുപിടിച്ച വന്‍ കാട്ടുതീക്ക് പിന്നില്‍ ഇസ്രയേലി വിനോദസഞ്ചാരികളാണെന്ന ആരോപണവുമായി പ്രതിപക്ഷം. ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ‘ഐഡിഎഫ് ഗ്രനേഡ്’ ആണ് ഇവര്‍ കാട്ടുതീ പടര്‍ത്താന്‍ ഉപയോഗിച്ചതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രാദേശിക മാധ്യമങ്ങളുടെയും ആരോപണമാണ് വലിയ വിവാദമായിരിക്കുന്നത്. ഇസ്രയേല്‍ വൃത്തങ്ങള്‍ ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അര്‍ജന്റീനയിലെ തെക്കന്‍ മേഖലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് ഇസ്രയേലി യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ തീയിടാന്‍ സ്‌ഫോടകവസ്തു ഉപയോഗിച്ചുവെന്നാണ് അര്‍ജന്റീനയിലെ ചില രാഷ്ട്രീയ വൃത്തങ്ങള്‍ ആരോപിക്കുന്നത്. ‘ഇസ്രയേല്‍ സൈനികര്‍ ഫലസ്തീനില്‍ ചെയ്യുന്നത് ഇവിടെയും ആവര്‍ത്തിക്കുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷം ഉന്നയിക്കുന്നത്.
എന്നാല്‍, ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കാപ്പി ഉണ്ടാക്കാനായി തീ കൂട്ടിയപ്പോള്‍ കാറ്റില്‍ പടര്‍ന്നുപിടിച്ചതാണെന്നുമാണ് പിടിയിലായവരുടെ വാദം. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയത് സാധാരണ ഗ്യാസ് കാനിസ്റ്റര്‍ ആണെന്നും, അതിനെയാണ് ഗ്രനേഡ് ആയി ചിത്രീകരിച്ച് ഇസ്രയേല്‍ വിരുദ്ധ പ്രചാരണം നടത്തുന്നതെന്നും ജെറുസലേം പോസ്റ്റ് ഉള്‍പ്പെടെയുള്ള ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ജന്റീനയില്‍ വര്‍ധിച്ചുവരുന്ന ജൂതവിരുദ്ധതയുടെ ഭാഗമായാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അര്‍ജന്റീനയിലെ പാറ്റഗോണിയ മേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയാണു ചാമ്പലാക്കിയത്. ചുബുട്ട് പ്രവിശ്യയില്‍ മാത്രം ഇതിനകം 3,500-ലധികം ഹെക്ടര്‍ (ഏകദേശം 8,600 ഏക്കര്‍) വനഭൂമി കത്തിനശിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. ലോസ് ഗ്ലേസിയേഴ്‌സ് നാഷണല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലയിലാണ് തീ പടര്‍ന്നത്. ശക്തമായ കാറ്റും ഉഷ്ണതരംഗവും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
എപുയെന്‍ തടാകത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തുവാണ് വിവാദങ്ങള്‍ക്ക് ആധാരം. ഇത് ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്ന എം-26 ഗ്രനേഡ് ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. മുന്‍ അര്‍ജന്റീനിയന്‍ ജനറല്‍ സീസര്‍ മിലാനിയും ചില പ്രതിപക്ഷ നേതാക്കളും ഈ ആരോപണം ഏറ്റുപിടിച്ചതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടുകയായിരുന്നു.
എന്നാല്‍, കണ്ടെടുത്തത് ഇസ്രയേല്‍ നിര്‍മിത ഗ്രനേഡ് അല്ലെന്നും, അര്‍ജന്റീനയില്‍ തന്നെ നിര്‍മിക്കുന്ന എഫ്എംകെ-2 മോഡല്‍ ഗ്യാസ് കാനിസ്റ്റര്‍ ആണെന്നും ഔദ്യോഗിക വിശദീകരണവും വരുന്നുണ്ട്.