28/03/2026
[fontresizer_tawhidurrahmandear_widget]

എൻഡിഎ പ്രവേശനം: ട്വന്റി 20യിൽ ഭിന്നത; ചിലർ പാർട്ടി വിടുമെന്ന സൂചന നൽകി സാബു എം. ജേക്കബ്

 എൻഡിഎ പ്രവേശനം: ട്വന്റി 20യിൽ ഭിന്നത; ചിലർ പാർട്ടി വിടുമെന്ന സൂചന നൽകി സാബു എം. ജേക്കബ്

കൊച്ചി: എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതിന് പിന്നാലെ ട്വന്റി 20 പാർട്ടിയിൽ കടുത്ത ഭിന്നത. മുതിർന്ന നേതാക്കളോടും അണികളോടും ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തി. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് ചിലർ പുറത്തുപോയേക്കാമെന്ന് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് തന്നെ സൂചന നൽകി.

സ്വതന്ത്ര രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചാണ് തങ്ങൾ പാർട്ടിയിൽ ചേർന്നതെന്നും ബിജെപി മുന്നണിയുടെ ഭാഗമാകുന്നത് അംഗീകരിക്കാനാവില്ലെന്നും തൃക്കാക്കര നഗരസഭാംഗം റെനി തോമസ് തുറന്നടിച്ചു. എന്നാൽ ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ഒന്നോ രണ്ടോ ശതമാനം പേർ മാത്രമാണ് എതിർപ്പുള്ളവരെന്നുമാണ് സാബു എം. ജേക്കബിന്റെ വിശദീകരണം. ആശയപരമായ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ചിലർ വിട്ടുപോയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുന്നണി മാറ്റത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് തിരുവാണിയൂർ, പുതൃക്ക പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതികരിച്ചു.

ട്വന്റി 20യുടെ നീക്കം രാഷ്ട്രീയ കച്ചവടമാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു. സാബു എം. ജേക്കബിന്റെ വ്യക്തിപരമായ താല്പര്യങ്ങൾക്കും കമ്പനിയുടെ ലാഭത്തിനും വേണ്ടിയുള്ള നീക്കമാണിതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും പി.വി. ശ്രീനിജൻ എംഎൽഎയും വിമർശിച്ചു. ബിജെപി ബന്ധം സംബന്ധിച്ച തങ്ങളുടെ മുൻകാല ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും പ്രതികരിച്ചു. വൈകുന്നേരം കോലഞ്ചേരിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ സാബു എം. ജേക്കബ് കൂടുതൽ വിശദീകരണം നൽകും.

Also read: