26/01/2026

‘ഇറാന്‍ പ്രതിരോധം സര്‍വസജ്ജം; വിരലുകള്‍ കാഞ്ചിയില്‍’-വിപ്ലവ ഗാര്‍ഡ് തലവന്‍റെ മുന്നറിയിപ്പ്

 ‘ഇറാന്‍ പ്രതിരോധം സര്‍വസജ്ജം; വിരലുകള്‍ കാഞ്ചിയില്‍’-വിപ്ലവ ഗാര്‍ഡ് തലവന്‍റെ മുന്നറിയിപ്പ്

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി.

അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് നേരിടേണ്ടി വന്ന തിരിച്ചടികള്‍ മറക്കരുതെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ ഓര്‍മിപ്പിച്ചു. ‘നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയാല്‍, എന്തെങ്കിലും അബദ്ധം ചെയ്താല്‍ അതിലും വേദനാജനകവും ഖേദകരവുമായ വിധിയാകും നിങ്ങളെ കാത്തിരിക്കുന്നത്,’ പാക്പൂര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ മുമ്പത്തേക്കാളും ശക്തമാണ്. അമേരിക്കന്‍-സയണിസ്റ്റ് നീക്കങ്ങളെ നേരിടാന്‍ സേന സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബറില്‍ ഇറാനില്‍ തുടങ്ങിയ പ്രതിഷേധങ്ങളെ അമേരിക്കയും ഇസ്രയേലും മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്‍ ആരോപിച്ചു. സായുധരായ കലാപകാരികളോട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. ഇതിനെ എതിര്‍ത്താല്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിനോട് പ്രതികരിച്ചുകൊണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ‘വാള്‍ സ്ട്രീറ്റ് ജേണലില്‍’ ലേഖനം എഴുതിയിരുന്നു. ട്രംപിന്റെ ഭീഷണികള്‍ ഭീകരര്‍ക്ക് ആവേശം നല്‍കുന്നതാണെന്നും, അമേരിക്കയെ മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തി.

Also read: