ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്: അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, തൊഴിലുറപ്പിന് 1000 കോടി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ സാധാരണക്കാരെയും തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങൾ കേന്ദ്രം കവരുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, കടുത്ത വെല്ലുവിളികൾക്കിടയിലും വികസന കുതിപ്പ് തുടരുമെന്ന് വ്യക്തമാക്കി.
ബജറ്റ് 2026: ഒറ്റനോട്ടത്തിൽ
ആരോഗ്യ മേഖലയിൽ വൻ മാറ്റം: റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ അഞ്ചുദിവസം സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പുതിയ പദ്ധതി ബജറ്റിലെ ശ്രദ്ധേയമായ ഇനമാണ്. സർക്കാർ ആശുപത്രികൾക്ക് പുറമെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാകും. ഇതിനായി 15 കോടി രൂപ വകയിരുത്തി.
വയനാട് പുനരധിവാസം: ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ആദ്യ ഘട്ടം വീടുകൾ ഫെബ്രുവരി മൂന്നാം വാരത്തിൽ കൈമാറും.
തൊഴിലുറപ്പ് പദ്ധതി: പദ്ധതി വിപുലീകരിക്കാൻ 1000 കോടി രൂപ അധികമായി അനുവദിച്ചു.
അതിവേഗ റെയിൽ: കെറെയിലിന് പകരമായി ആർ.ആർ.ടി.എസ് പദ്ധതിക്കായി 100 കോടി വകയിരുത്തി.
ഓട്ടോ തൊഴിലാളികൾക്ക് സഹായം: ഇലക്ട്രിക്/പരിസ്ഥിതി സൗഹൃദ ഓട്ടോകൾ വാങ്ങാൻ 40,000 രൂപ സബ്സിഡി.
പെൻഷൻ വർധന: കാൻസർ, കുഷ്ഠരോഗ ബാധിതർക്കുള്ള പെൻഷൻ 2,000 രൂപയാക്കി ഉയർത്തി.
മെഡിസെപ്പ് 2.0: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൂടുതൽ ആനുകൂല്യങ്ങളോടെ പുതുക്കിയ ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി 1 മുതൽ.
റോഡ് വികസനം: എം.സി റോഡ് നവീകരണത്തിനായി കിഫ്ബി വഴി 5317 കോടി രൂപ.
സ്ത്രീ സൗഹൃദ പദ്ധതികൾ: പഞ്ചായത്തുകളിൽ തൊഴിൽ പരിശീലന കേന്ദ്രങ്ങൾക്കും സ്ത്രീ തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രങ്ങൾക്കും തുക അനുവദിച്ചു.
ഇൻഷുറൻസ് പരിരക്ഷ: ഹരിതകർമ്മ സേനാംഗങ്ങൾക്കും ഓട്ടോടാക്സി തൊഴിലാളികൾക്കും ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തും.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓർമ്മക്കായി സെന്റർ നിർമിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരത്താണ് സെന്റർ നിർമിക്കാനൊരുങ്ങുന്നത്. 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തയത്. വിഎസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരാനാണ് സെന്റർ നിർമിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു.