04/06/2026
[fontresizer_tawhidurrahmandear_widget]

പവാറിന്റെ വിമാനം പറത്താൻ കമ്പനി നിശ്ചയിച്ചത് മറ്റൊരു പൈലറ്റിനെ; സുമിത് എത്തിയത് അവസാന നിമിഷം

 പവാറിന്റെ വിമാനം പറത്താൻ കമ്പനി നിശ്ചയിച്ചത് മറ്റൊരു പൈലറ്റിനെ; സുമിത് എത്തിയത് അവസാന നിമിഷം

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വിമാനം പറത്താൻ കമ്പനി ആദ്യം നിശ്ചയിച്ചിരുന്നത് ക്യാപ്റ്റൻ സുമിത് കപൂറിനെ ആയിരുന്നില്ലെന്നാണു പുറത്തുവരുന്ന വിവരം. മറ്റൊരു പൈലറ്റിന് പകരക്കാരനായി അവസാന നിമിഷമാണ് അദ്ദേഹം എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തെരഞ്ഞെടുപ്പ് റാലികൾക്കായി മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് പോകാനായിരുന്നു അജിത് പവാർ ലിയർജെറ്റ് 45 വിമാനം തിരഞ്ഞെടുത്തത്. വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെത്തുടർന്നാണ് ക്യാപ്റ്റൻ സുമിത് കപൂറിനോട് ജോലിയിൽ പ്രവേശിക്കാൻ വിഎസ്ആർ വെഞ്ചേഴ്‌സ് ആവശ്യപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹോങ്കോങ്ങിൽനിന്ന് മടങ്ങിയെത്തിയ അദ്ദേഹം വിശ്രമത്തിലായിരുന്നു. യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ദൗത്യം അദ്ദേഹത്തെ ഏൽപ്പിച്ചതെന്ന് സുമിതിന്റെ സുഹൃത്തുക്കൾ വെളിപ്പെടുത്തിയതായി ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ 8:45-ഓടെയാണ് അപകടം നടന്നത്. ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെ മോശം കാലാവസ്ഥയും കുറഞ്ഞ കാഴ്ചപരിധിയും മൂലം വിമാനം നിയന്ത്രമം നഷ്ടപ്പെട്ടു തകർന്നുവീഴുകയായിരുന്നു. പിന്നാലെ തീപ്പിടിച്ച് വിമാനം കത്തിയമരുകയും ചെയ്തു. അജിത് പവാർ, പൈലറ്റ് സുമിത് കപൂർ, സഹ പൈലറ്റ് ശാംഭവി പഥക്, ഫ്‌ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

‘സുമിത് അതീവ വൈദഗ്ധ്യമുള്ള പൈലറ്റായിരുന്നു. അദ്ദേഹത്തിന് പിഴവ് സംഭവിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കൃത്യമായ അന്വേഷണം വേണം,’-അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പ്രതികരിച്ചു.

മോശം കാലാവസ്ഥയിൽ വിമാനം ഇറക്കാൻ ശ്രമിച്ചപ്പോൾ പൈലറ്റിന് സംഭവിച്ച പിഴവാണോ അതോ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് കണ്ടെത്താൻ ബ്ലാക്ക് ബോക്‌സ് പരിശോധനയടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. അജിത് പവാറിന്റെ വിയോഗം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Also read: