28/03/2026
[fontresizer_tawhidurrahmandear_widget]

നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ കൊടുങ്കാറ്റായി ‘ധുരന്ധർ’; 1,300 കോടി പിന്നിട്ട് കുതിപ്പ് തുടരുന്നു

 നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ കൊടുങ്കാറ്റായി ‘ധുരന്ധർ’; 1,300 കോടി പിന്നിട്ട് കുതിപ്പ് തുടരുന്നു

മുംബൈ: നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ വിജയകൊയ്ത്ത് തുടർന്ന് രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’. ആദിത്യ ധർ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലർ ആഗോളതലത്തിൽ 1,303 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ മാത്രം 1,000 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി.

റിലീസ് ചെയ്ത് 59 ദിവസങ്ങൾ പിന്നിട്ടിട്ടും ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ തേരോട്ടം തുടരുകയാണ്. ഒൻപതാം ആഴ്ചയിലും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ചിത്രം നേടുന്നത്. ആഭ്യന്തര വിപണിയിൽ 836.95 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ധുരന്ധർ, വിദേശ വിപണികളിൽ നിന്ന് 299 കോടി രൂപയും സ്വന്തമാക്കി. മികച്ച സ്‌പൈ-ആക്ഷൻ ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണെന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ വമ്പിച്ച വിജയം.

രൺവീർ സിംഗിനൊപ്പം അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, സാറ അർജുൻ എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രം ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഐസി 814 വിമാന റാഞ്ചൽ, പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങൾ കോർത്തിണക്കിയ ചിത്രം വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ, ആരാധകർ കാത്തിരിക്കുന്ന രണ്ടാം ഭാഗം ‘ധുരന്ധർ 2: ദി റിവഞ്ച്’ മാർച്ച് 19ന് തിയേറ്ററുകളിലെത്തും.

Also read: