ഒറ്റ രാത്രി, ഒരു ഫോൺകോൾ; മോദി-ട്രംപ് സംഭാഷണത്തിൽ മാറി മറിഞ്ഞത് ഈ അഞ്ച് പ്രധാനകാര്യങ്ങൾ
വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രസ്താവനകൾക്ക് കാത്തുനിൽക്കാതെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് നേരിട്ട് വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
കരാറിലെ പ്രധാന മാറ്റങ്ങൾ
ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു: അമേരിക്കൻ വിപണിയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നേരത്തെ ചുമത്തിയിരുന്ന ഉയർന്ന തീരുവ 25ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ നേട്ടമാകും.
റഷ്യൻ എണ്ണയ്ക്കുള്ള പിഴ ഒഴിവാക്കി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക പിഴ നികുതി (Penatly Tariff) അമേരിക്ക പിൻവലിച്ചു. ഇതോടെ മൊത്തം നികുതിഭാരം പകുതിയിലധികം കുറഞ്ഞു.
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചു. പകരം അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാനാണ് ധാരണ. ഇത് റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
500 ബില്യൺ ഡോളറിന്റെ വ്യാപാര ഉടമ്പടി: ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി, കൽക്കരി തുടങ്ങിയ മേഖലകളിലായി അമേരിക്കയിൽ നിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകി.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ പൂജ്യം തീരുവ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ നിലവിലുള്ള നികുതി തടസ്സങ്ങൾ നീക്കം ചെയ്യാനും നികുതി നിരക്ക് പൂജ്യം ശതമാനത്തിലേക്ക് എത്തിക്കാനും ഇന്ത്യ സമ്മതിച്ചു.