25/04/2026
[fontresizer_tawhidurrahmandear_widget]

‘രാഷ്ട്രീയ സറണ്ടർ സംഘം’: റാം മാധവിന്റെ എണ്ണ ഇറക്കുമതി പരാമർശത്തിൽ ആർഎസ്എസിനെതിരെ രാഹുൽ ഗാന്ധി

 ‘രാഷ്ട്രീയ സറണ്ടർ സംഘം’: റാം മാധവിന്റെ എണ്ണ ഇറക്കുമതി പരാമർശത്തിൽ ആർഎസ്എസിനെതിരെ രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി, റാം മാധവ്

ന്യൂഡൽഹി: ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് മുതിർന്ന ബി.ജെ.പി നേതാവ് റാം മാധവ് നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. എക്സിലൂടെ പങ്കുവെച്ച പോസ്റ്റിൽ ആർ.എസ്.എസിനെ ‘രാഷ്ട്രീയ സറണ്ടർ സംഘം’ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, റാം മാധവ് സംഘത്തിന്റെ യഥാർത്ഥ സ്വഭാവമാണ് വെളിപ്പെടുത്തിയതെന്നും പരിഹസിച്ചു.

“രാഷ്ട്രീയ സറണ്ടർ സംഘം. നാഗ്പൂരിൽ വ്യാജ ദേശീയത. അമേരിക്കയിൽ വെറും ദാസ്യം. റാം മാധവ് സംഘത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തിയിരിക്കുകയാണ്,” രാഹുൽ കുറിച്ചു.

അമേരിക്കയിലെ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഒരു സംവാദത്തിനിടെയാണ് റാം മാധവ് വിവാദ പ്രസ്താവന നടത്തിയത്. ഇറാനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി നിർത്തിയതിലൂടെ ഇന്ത്യ അമേരിക്കൻ താൽപ്പര്യങ്ങളോട് ചേർന്നുനിന്നുവെന്നും എന്നാൽ ഈ നീക്കങ്ങൾ ട്രംപ് ഭരണകൂടം വേണ്ടവിധം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ അമേരിക്കൻ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കുർട്ട് കാംപ്ബെൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചർച്ചയിലായിരുന്നു ഈ പരാമർശം.

“ഞങ്ങൾ 50 ശതമാനം താരിഫിനോട് യോജിച്ചു. യോജിച്ചു എന്ന് പറഞ്ഞാൽ ഞങ്ങൾ ഒന്നും എതിർത്ത് പറഞ്ഞില്ല, ക്ഷമ പാലിച്ചു. പുതിയ വ്യാപാര കരാറിൽ പോലും മുമ്പുണ്ടായിരുന്നതിനേക്കാൾ 18 ശതമാനം ഉയർന്ന താരിഫ് ഞങ്ങൾ അംഗീകരിച്ചു. എന്നിട്ടും ഇന്ത്യ എവിടെയാണ് പിന്നിലാവുന്നത്? ഇന്ത്യ ഇനിയും എന്താണ് ചെയ്യേണ്ടത്?” റാം മാധവ് ചോദിച്ചു.

റാം മാധവിന്റെ പ്രസ്താവന ആയുധമാക്കി കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയായി തുടരാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി മോദി വാഷിങ്ടണിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണെന്ന് ഒരു മുതിർന്ന ആർ.എസ്.എസ് നേതാവ് തന്നെ സമ്മതിച്ചിരിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ കുറിച്ചു. എന്നാൽ പ്രസ്താവന വലിയ വിവാദമായതോടെ വിശദീകരണവുമായി റാം മാധവ് തന്നെ രംഗത്തെത്തി. താൻ പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമായി തെറ്റാണെന്ന് അദ്ദേഹം സമ്മതിച്ചു.

Also read: