ബംഗാളിൽ തൃണമൂൽ ജയിച്ചാൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമോ? മോദിയെ വെല്ലുവിളിച്ച് ഡെറിക് ഒബ്രിയാൻ
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാകുമോ എന്ന് വെല്ലുവിളിച്ച് മുതിർന്ന തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഈ വെല്ലുവിളി ഉന്നയിച്ചത്. ബംഗാളിലെ ആകെയുള്ള 294 സീറ്റുകളിലും മത്സരിക്കുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഡെറിക് ഒബ്രിയാന്റെ ഈ പ്രതികരണം. ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ സംസ്ഥാനത്ത് നടക്കുന്ന കടുത്ത രാഷ്ട്രീയ പോരാട്ടത്തെ സൂചിപ്പിക്കുന്നതാണ് ഈ വെല്ലുവിളി.
മുഖ്യമന്ത്രി മമതാ ബാനർജി തുടർച്ചയായ നാലാം വട്ടവും ഭരണത്തുടർച്ച തേടുമ്പോൾ, ‘പരിവർത്തൻ’ (മാറ്റം) എന്ന മുദ്രാവാക്യമുയർത്തി അതിശക്തമായ പ്രചാരണമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി ബംഗാളിൽ കാഴ്ചവെക്കുന്നത്. ഇതിനിടെ സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി തേടുന്നത്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതിനാൽ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇത്തവണ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ മുതൽ തന്നെ മികച്ച പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. മെയ് 4നാണ് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം.