പശുവിൻ തോൽ ഉപയോഗിക്കുന്ന ലൂയി വിറ്റൺ കമ്പനിയുടെ ബെൽറ്റണിഞ്ഞ് അനുരാഗ് ഠാക്കൂർ പാർലമെന്റിൽ
ന്യൂഡൽഹി: ലോക്സഭയിലെ ബജറ്റ് സമ്മേളനത്തിനിടെ ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ ധരിച്ച വിലകൂടിയ ലക്ഷ്വറി ബെൽറ്റ് മറയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. പ്രതിപക്ഷ ബഹളത്തിനിടെ സഭയിൽ എഴുന്നേറ്റു നിൽക്കുമ്പോൾ തന്റെ ബ്രാൻഡഡ് ബെൽറ്റ് ക്യാമറയിൽ പതിഞ്ഞതോടെ, അത് മറയ്ക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
സൻസദ് ടിവി തത്സമയം സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളിൽ, അനുരാഗ് ഠാക്കൂർ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഠാക്കൂർ ധരിച്ച ലൂയി വിറ്റൺ (Louis Vuitton) ബ്രാൻഡിന്റെ ബെൽറ്റ് വ്യക്തമായി കാണാമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ അദ്ദേഹം അല്പനേരം ഇരിക്കുകയും, തുടർന്ന് തന്റെ കോട്ട് വലിച്ച് ബെൽറ്റ് പൂർണ്ണമായും മറച്ചുകൊണ്ട് വീണ്ടും എഴുന്നേൽക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ക്ലിപ്പാണ് എക്സ്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിൽ വൈറലായിരിക്കുന്നത്.
‘മേക്ക് ഇൻ ഇന്ത്യ’യെക്കുറിച്ചും സ്വദേശി ഉൽപ്പന്നങ്ങളെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന അനുരാഗ് ഠാക്കൂർ ലൂയി വിറ്റൺ ധരിച്ചത് പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ഠാക്കൂർ ധരിച്ചത് 50,000 മുതൽ ഒരുലക്ഷം രൂപ വരെയുള്ള ലൂയി വിറ്റൺ മോണോഗ്രാം ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഇതിനു പുറമെ, ഫ്രഞ്ച് കമ്പനിയായ ലൂയി വിറ്റൺ പശുവിന്റെയും പശുക്കുട്ടിയുടെയും തോൽ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമിക്കാറുണ്ടെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ മോണോഗ്രാം ബാഗുകളിൽ സ്ട്രാപ്പ് ആയും ഹാൻഡിൽ ആയും വച്ചേറ്റ എന്ന മുന്തിയ ഇനം ലെതർ ആണ് ലൂയി വിറ്റൺ ഉപയോഗിക്കുന്നത്. പശുക്കുട്ടിയുടെ തോൽ അഥവാ കാഫ്സ്കിൻ കൊണ്ടാണ് വച്ചേറ്റ ലെതറിന്റെ നിർമാണം. ഇതിനു പുറമെ പശുത്തോൽ (കൗഹൈഡ്) ഉപയോഗിച്ചുള്ള എപി ലെതർ, എംപ്രിന്റ് ലെതർ, ടോറിലൻ ലെതർ എന്നിവയും കമ്പനി ഉപയോഗിക്കുന്നുണ്ട്.
പശുവിന്റെയും മാംസാഹാരത്തിന്റെയും പേരിൽ സംഘ് പരിവാർ സംഘടനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചു വിടുന്ന സാഹചര്യത്തിലാണ്, ബിജെപിയുടെ തീപ്പൊരി നേതാവ് പശുത്തോൽ ഉപയോഗിക്കുന്ന കമ്പനിയുടെ വിലകൂടിയ ബെൽറ്റണിഞ്ഞ് പാർലമെന്റിൽ എത്തിയിരിക്കുന്നത്.
വിഷയത്തിൽ അനുരാഗ് ഠാക്കൂറോ ബിജെപിയോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.