15 ദിവസത്തിൽ കാണാതായത് 807 പേരെ, കൂടുതലും സ്ത്രീകളും കുട്ടികളും; ആശങ്കയിൽ രാജ്യ തലസ്ഥാനം
ന്യൂഡൽഹി: 2026 ജനുവരി 1 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ 807 പേരെ കാണാതായതായി റിപ്പോർട്ട്. ഇത്തരം കേസുകളുടെ വർധനവ് രാജ്യ തലസ്ഥാനത്ത് വലിയ ആശങ്കകൾക്ക് കാരണമായിരിക്കുകയാണ്. കാണാതായവരിൽ മൂന്നിൽ രണ്ട് ഭാഗവും അതായത് 509 പേർ, സ്ത്രീകളും പെൺകുട്ടികളുമാണ്. കൂടാതെ 191 കുട്ടികളെയും ഇക്കാലയളവിൽ കാണാതായിട്ടുണ്ട്. ജനുവരി അവസാനത്തോടെ 235 പേരെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും 572 പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല.
ബിജെപി സർക്കാർ ഭരിക്കുന്ന ഡൽഹിയിൽ സ്ത്രീകളുടെയും കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഡൽഹി പോലീസ് പരാജയപ്പെട്ടുവെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോൺഗ്രസും ആരോപിച്ചു. എന്നാൽ ഇത് കാണാതെ പോകുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർധനവല്ല ഇതെന്നും സാധാരണ കാണാറുള്ള പ്രതിമാസ ശരാശരിയായ 2,000ത്തിന് താഴെയാണിതെന്നാണ് ഡൽഹി പോലീസിന്റെ പ്രതികരണം. ഇത്തരം ഭൂരിഭാഗം കേസുകളും കുടുംബപ്രശ്‌നങ്ങൾ മൂലമോ സ്വന്തം ഇഷ്ടപ്രകാരമോ വീടുവിട്ടു പോകുന്നവയാണെന്നും ഇതിൽ ഏകദേശം 77 ശതമാനം പേരെയും കണ്ടെത്താൻ സാധിക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.