03/06/2026
[fontresizer_tawhidurrahmandear_widget]

‘ഇന്തൊനീഷ്യക്കാരിക്ക് വേണ്ടി എന്തും ചെയ്യും’; യുവതിയുടെ ദുപ്പട്ടയെടുക്കാന്‍ റെയില്‍വേ ട്രാക്കിലേക്ക് ചാടി ഇന്ത്യക്കാരന്‍

 ‘ഇന്തൊനീഷ്യക്കാരിക്ക് വേണ്ടി എന്തും ചെയ്യും’; യുവതിയുടെ ദുപ്പട്ടയെടുക്കാന്‍ റെയില്‍വേ ട്രാക്കിലേക്ക് ചാടി ഇന്ത്യക്കാരന്‍

ഡൽഹി: റെയിൽവേ ട്രാക്കിലേക്ക് വീണുപോയ ഇന്തൊനീഷ്യൻ യുവതിയുടെ ദുപ്പട്ട വീണ്ടെടുക്കാൻ പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടി ഇന്ത്യൻ യുവാവ്. ഡൽഹിയിൽ നിന്നുള്ള ഈ മനോഹരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് യുവതി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുപ്പട്ട പറന്ന് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള ട്രാക്കിലേക്ക് വീണത്.

ഡിജിറ്റൽ ക്രിയേറ്ററായ indaha.l എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ദുപ്പട്ട നഷ്ടപ്പെട്ട സങ്കടത്തിൽ യുവതി എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴായിരുന്നു പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന യുവാവിന്റെ ഇടപെടൽ. ആദ്യം പ്ലാറ്റ്‌ഫോമിൽ കിടന്നുതന്നെ ദുപ്പട്ടയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മടിയൊന്നും കൂടാതെ ട്രാക്കിലേക്ക് ചാടിയ യുവാവ് അത് വീണ്ടെടുത്ത് യുവതിക്ക് നൽകുകയായിരുന്നു.

തനിക്ക് വേണ്ടി ഇത്രയധികം സാഹസികമായി ഒരാൾ ഇടപെടുമെന്ന് കരുതിയിരുന്നില്ലെന്ന് യുവതി അമ്പരപ്പോടെ പ്രതികരിച്ചു. ഉപകാരം ചെയ്തതിന് ശേഷം അഭിനന്ദനങ്ങളോ നന്ദിയോ കാത്തുനിൽക്കാതെ വെറുമൊരു പുഞ്ചിരിയോടെ അദ്ദേഹം അവിടെനിന്നും നടന്നുപോയി. 1998-ൽ പുറത്തിറങ്ങിയ ‘കുച്ച് കുച്ച് ഹോത്താ ഹേ’ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കഥാപാത്രത്തെ ഓർമ്മിപ്പിക്കും വിധം ‘രാഹുൽ കൃത്യസമയത്ത് എത്തി’ എന്നാണ് വീഡിയോയ്ക്ക് യുവതി നൽകിയിരിക്കുന്ന അടിക്കുറിപ്പ്. യുവാവിന്റെ ഈ സമയോചിതവും നിസ്വാർത്ഥവുമായ പ്രവർത്തിക്ക് സമൂഹമാധ്യമങ്ങളിൽ വൻ കയ്യടിയാണ് ലഭിക്കുന്നത്.

Also read: