ഇനി വെറും ഒട്ടകമല്ല; ഒട്ടക പാസ്‌പോർട്ട് പുറത്തിറക്കി സൗദി
റിയാദ്: സൗദി അറേബ്യയിലെ ഒട്ടക മേഖലയെ ഡിജിറ്റൈസ് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി മന്ത്രാലയം ഒട്ടക പാസ്‌പോർട്ട് പുറത്തിറക്കി. ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം രേഖപ്പെടുത്തുക, സേവന കാര്യക്ഷമത വർദ്ധിപ്പിക്കുക, വിപണിയിലെ വിശ്വാസ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചത്. പരിസ്ഥിതി, ജല, കൃഷി ഉപമന്ത്രി മൻസൂറുൽ മുഷൈതി ചൊവ്വാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തു. കന്നുകാലി, മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ പരിപാടിയുടെ ഭാഗമായാണ് ഈ നടപടി.
ഒട്ടകങ്ങളുടെ വംശം, ആരോഗ്യ രേഖകൾ, ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങൾ ഔദ്യോഗികമായി ഏകീകരിക്കുന്ന റഫറൻസായി പാസ്‌പോർട്ട് പ്രവർത്തിക്കും. ഓരോ ഒട്ടകത്തിനും മൈക്രോചിപ്പ് നമ്പർ, പാസ്‌പോർട്ട് നമ്പർ, പേര്, ജനനത്തീയതി, നിറം, ജനനസ്ഥലം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ തിരിച്ചറിയൽ രേഖയാണ് മന്ത്രാലയം നൽകുന്നത്. കൃത്യമായ ഐഡന്റിറ്റി വെരിഫിക്കേഷൻ ഉറപ്പാക്കാൻ ഒട്ടകത്തിന്റെ ഇരുവശങ്ങളിൽ നിന്നുമുള്ള ഫോട്ടോകളും പാസ്‌പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മൃഗഡോക്ടറുടെ സാക്ഷ്യപത്രത്തോടു കൂടിയ വാക്‌സിനേഷൻ രേഖകളും ഇതിൽ ലഭ്യമാകും.
ഈ സംരംഭം ഒട്ടകങ്ങളുടെ വിൽപന, കൈമാറ്റം, ഗതാഗതം എന്നിവ സുതാര്യമാക്കുന്നതിലൂടെ ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കും. കൃത്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള വിലനിർണയം സാധ്യമാകുന്നതോടെ ലേലങ്ങളിൽ ഒട്ടകങ്ങളുടെ വിപണി മൂല്യം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഒട്ടകങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നതിലൂടെ വംശശുദ്ധി നിലനിർത്താനും പ്രജനന കാര്യക്ഷമത മെച്ചപ്പെടുത്താനുമുള്ള തന്ത്രപരമായ ആസൂത്രണത്തിന് പദ്ധതി സർക്കാരിനെ സഹായിക്കും.