02/03/2026
[fontresizer_tawhidurrahmandear_widget]

‘എപ്സ്റ്റീൻ ഇസ്രയേൽ ചാരൻ തന്നെ; പരിശീലനം നൽകിയത് മൊസാദ്’-എഫ്ബിഐ രേഖകൾ പുറത്ത്

 ‘എപ്സ്റ്റീൻ ഇസ്രയേൽ ചാരൻ തന്നെ; പരിശീലനം നൽകിയത് മൊസാദ്’-എഫ്ബിഐ രേഖകൾ പുറത്ത്

ജെഫ്രി എപ്സ്റ്റീന്‍, എഹൂദ് ബരാക്

വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്ബിഐ രേഖകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിന് കീഴിലാണ് എപ്സ്റ്റീൻ ചാരപ്പണിയിൽ പരിശീലനം നേടിയതെന്നും 2020-ലെ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയുടെ രേഖകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എപ്സ്റ്റീന് ഇസ്രയേലുമായി ഒരു ബന്ധവുമില്ലെന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു.

എപ്സ്റ്റീൻ കേവലമൊരു ലൈംഗിക കുറ്റവാളി മാത്രമല്ല, മറിച്ച് വൻകിടക്കാർക്കെതിരെ വിവരങ്ങൾ ശേഖരിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ മൊസാദ് ഉപയോഗിച്ചിരുന്ന ഏജന്റ് ആയിരുന്നുവെന്ന വാദങ്ങൾക്ക് ശക്തി പകരുന്നതാണ് പുതിയ വിവരങ്ങൾ. എപ്സ്റ്റീൻ ഒറ്റപ്പെട്ട കുറ്റവാളിയല്ലെന്നും, കൃത്യമായ സംഘടനാ സംവിധാനത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്നുവെന്നും രേഖകൾ സൂചിപ്പിക്കുന്നു.

2020 ഒക്ടോബർ 16-ന് എഫ്ബിഐക്ക് ലഭിച്ച ഒരു ‘കോൺഫിഡൻഷ്യൽ ഹ്യൂമൻ സോഴ്‌സ്’ റിപ്പോർട്ടിലാണ് ഗുരുതരമായ വിവരങ്ങളുള്ളത്. എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു വ്യക്തിയാണ് എഫ്ബിഐക്ക് ഈ മൊഴി നൽകിയത്.

ഹാർവാർഡ് നിയമ വിഭാഗം പ്രൊഫസറും എപ്സ്റ്റീന്റെ അഭിഭാഷകനുമായിരുന്ന അലൻ ഡെർഷോവിറ്റ്സും എപ്സ്റ്റീനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ താൻ നേരിട്ട് കേട്ടിട്ടുണ്ടെന്നും കുറിപ്പുകൾ എടുത്തിട്ടുണ്ടെന്നും വിവരദാതാവ് വെളിപ്പെടുത്തി. ഈ സംഭാഷണങ്ങൾക്ക് ശേഷം ഡെർഷോവിറ്റ്സ് മൊസാദ് ഉദ്യോഗസ്ഥരുമായി സംസാരിക്കാറുണ്ടായിരുന്നു. വിവരങ്ങൾ പരസ്പരം കൈമാറിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഒരു സംഘടിത ഇന്റലിജൻസ് ഓപറേഷന്റെ ഭാഗമായിരുന്നു ഇതെല്ലാമെന്നാണ് നിഗമനം.

താൻ ചെറുപ്പമായിരുന്നെങ്കിൽ മൊസാദിൽ ചേരുമായിരുന്നു എന്ന് ഡെർഷോവിറ്റ്സ് പറഞ്ഞതായും, അദ്ദേഹം മൊസാദിന്റെ ദൗത്യങ്ങളുമായി സഹകരിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു. എപ്സ്റ്റീൻ അമേരിക്കൻ ഇന്റലിജൻസിനും ഇസ്രയേൽ ഇന്റലിജൻസിനും വേണ്ടി ഒരേസമയം പ്രവർത്തിക്കുന്നയാളാണെന്ന് ഡെർഷോവിറ്റ്സ് മറ്റൊരു യുഎസ് അഭിഭാഷകനോട് പറഞ്ഞതായും രേഖയിലുണ്ട്.

സിലിക്കൺ വാലിയിലെ സാങ്കേതികവിദ്യകൾ ചോർത്താൻ ‘ഡേ വൺ വെഞ്ചേഴ്സ്’ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നതായി വിവരദാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീന്റെ മുൻ പബ്ലിസിസ്റ്റായ മാഷ ബുക്കർ സ്ഥാപിച്ചതാണ് ഈ കമ്പനി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറുടെ കുടുംബത്തിന് ഇസ്രയേലുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും, അവരുടെ ബിസിനസ് ഇടപാടുകളിൽ ചില ക്രമക്കേടുകളുണ്ടെന്നും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.

എപ്സ്റ്റീനും എഹൂദ് ബരാകും തമ്മിൽ ദീർഘകാലത്തെ ബന്ധമുണ്ടായിരുന്നുവെന്ന് നേരത്തെ പുറത്തുവന്ന രേഖകളും തെളിയിക്കുന്നുണ്ട്. പലന്റിർ (Palantir) എന്ന ടെക് കമ്പനിയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ എപ്സ്റ്റീൻ ബരാകിന് നൽകിയിരുന്നു. കൂടാതെ, മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് പീറ്റർ മാൻഡൽസണ് ഊർജ കമ്പനിയിൽ ജോലി നൽകുന്ന കാര്യവും, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് വൻതുക കൺസൾട്ടൻസി ഫീസ് നൽകുന്ന കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തിരുന്നു.

അതേസമയം, എപ്സ്റ്റീൻ ഇസ്രയേലിന് വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്നും, എഹൂദ് ബരാകുമായുള്ള അസാധാരണ അടുപ്പം ഇതിന് തെളിവാണെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം. ബരാക് ഇസ്രയേൽ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നയാളാണെന്നും നെതന്യാഹു എക്സിൽ ആരോപിച്ചിരുന്നു. എന്നാൽ, എപ്സ്റ്റീൻ മൊസാദിന്റെ ചാരനായിരുന്നുവെന്ന് ഉറപ്പിച്ചുപറയുന്നതാണ് എഫ്ബിഐയുടെ പുതിയ വെളിപ്പെടുത്തലുകൾ.

Also read: