പാൽ നിർമിക്കുന്നത് സോപ്പുപൊടിയും മൂത്രലവണവും ചേർത്ത്; ഗുജറാത്തിൽ വമ്പൻ വ്യാജ പാൽ നിർമാണ കേന്ദ്രം പിടിയിൽ
വ്യാജ പാല്‍ ഫാക്ടറിയില്‍നിന്നു പിടിച്ചെടുത്ത സാധനസാമഗ്രികള്‍
അഹമ്മദാബാദ്: ഗുജറാത്തിൽ വൻതോതിൽ മായം കലർത്തി പാൽ നിർമിക്കുന്ന ഫാക്ടറി പോലീസ് പിടികൂടി. സബർകാന്ത ജില്ലയിലെ പ്രാന്തിജ് താലൂക്കിലെ സലാൽ ഗ്രാമത്തിന് സമീപമാണ് സംഭവം. സോപ്പുപൊടിയും രാസവളമായ യൂറിയയും (മൂത്രലവണം) മറ്റ് രാസവസ്തുക്കളും ഉപയോഗിച്ചാണ് ഇവിടെ പാൽ നിർമിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഈ തട്ടിപ്പ് നിർബാധം തുടരുകയായിരുന്നുവെന്ന വിവരം ഞെട്ടലോടെയാണ് പുറത്തുവരുന്നത്.
സബർകാന്ത ലോക്കൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ‘ശ്രീ സത്യ ഡയറി പ്രൊഡക്ട്സ്’ എന്ന പേരിലുള്ള വ്യാജ പാൽ നിർമാണ യൂണിറ്റ് കണ്ടെത്തിയത്. ദിവസേന വെറും 300 ലിറ്റർ ശുദ്ധമായ പാൽ മാത്രമാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് വെള്ളം, പാൽപ്പൊടി, കാസ്റ്റിക് സോഡ, റിഫൈൻഡ് പാം ഓയിൽ, സോയാബീൻ ഓയിൽ, സോപ്പുപൊടി, യൂറിയ എന്നിവ ചേർത്ത് 1,700 മുതൽ 1,800 ലിറ്റർ വരെ വ്യാജ പാൽ നിർമിക്കും. പാലിന്റെ കൊഴുപ്പും പതയും കൃത്രിമമായി വർധിപ്പിക്കാനാണ് സോപ്പുപൊടിയും എണ്ണയും രാസവസ്തുക്കളും ഉപയോഗിച്ചിരുന്നത്. ഈ പാൽ പായ്ക്കറ്റുകളിലാക്കി സബർകാന്ത, മെഹ്സാന ജില്ലകളിലെ വിവിധ ഗ്രാമങ്ങളിൽ വിതരണം ചെയ്തുവരികയായിരുന്നു.
റെയ്ഡിൽ 71 ലക്ഷത്തിന്റെ പാൽ ഉൽപന്നങ്ങളാണു പിടിച്ചെടുത്തത്. 2,000 ലിറ്ററോളം വ്യാജ പാലും 1,100 ലിറ്ററോളം വ്യാജ സംഭാരവും പോലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടും. കൂടാതെ പാൽ നിർമിക്കാൻ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി 1,370 ലിറ്റർ സുരക്ഷിതമല്ലാത്ത പാൽ നശിപ്പിച്ചു.
സംഭവത്തിൽ പ്ലാന്റ് ഓപ്പറേറ്റർ ജിതേന്ദ്ര പട്ടേൽ, ജീവനക്കാരായ സച്ചിൻ മക്വാന, കരൺ പർമർ, അജയ്‌സിൻ പർമർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫാക്ടറി ഉടമ രാകേഷ് എന്ന ധാമോ പട്ടേൽ ഒളിവിലാണ്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭക്ഷ്യസുരക്ഷാ നിയമം എന്നിവ പ്രകാരം കേസെടുത്തു.
അഞ്ച് വർഷത്തോളം അധികൃതരുടെ കണ്മുന്നിൽ ഇത്തരമൊരു തട്ടിപ്പ് എങ്ങനെ നടന്നുവെന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇത് ജനങ്ങളുടെ ജീവൻ വെച്ചുള്ള കളിയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.