ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തി, കടന്നുപിടിച്ചു; മലയാളി യുവനടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
ചെന്നൈ: ഹോട്ടൽ മുറിയിൽ വെച്ച് മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടൽ ജീവനക്കാരൻ പോലീസ് കസ്റ്റഡിയിലായി. നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെയാണ് ചെന്നൈ പോലീസ് പിടികൂടിയത്. ടി നഗറിലെ ഹോട്ടലിൽ പാർട്ട് ടൈം ജീവനക്കാരനാണ് ഇയാൾ.
സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടി ചെന്നൈയിൽ എത്തിയത്. മുറിയിലെ ഫോൺ തകരാറിലായതിനെ തുടർന്ന് റിസപ്ഷനിൽ അറിയിച്ചതനുസരിച്ചാണ് ഇയാൾ മുറിയിലെത്തിയത്. ഫോൺ നന്നാക്കുന്നതിനിടെ നടിക്ക് നേരെ അതിക്രമത്തിന് മുതിരുകയായിരുന്നുവെന്നാണ് പരാതി. പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ മുറിയിൽ തുടർന്നതായും നടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബഹളം വെച്ചതോടെ ഇയാൾ മുറിയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാൽ, ഭക്ഷണത്തിന്റെ ഓർഡർ എടുക്കാനാണ് താൻ മുറിയിൽ പോയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് നടി മുറിയിൽ ഒറ്റയ്ക്കായിരുന്നു.